ആദിവാസികളുടെ ഷെഡ് പൊളിച്ചതിനെതിരെ വിമർശനം

തൃശൂര്‍ ഒളകര ആദിവാസി കോളനിയില്‍ ആടിനെ വളര്‍ത്താന്‍ കെട്ടിയ ഷെഡ് പൊളിച്ചതിനെതിരെ  രൂക്ഷവിമര്‍ശനം. ആദിവാസികളോട് മോശം പെരുമാറ്റം ഇനി ആവര്‍ത്തിക്കരുതെന്ന് ജില്ലാ കലക്ടറും  എം.എല്‍.എയും ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. 

പീച്ചി വനം ഡിവിഷനിലെ ഒളകര ആദിവാസി കോളനിയില്‍ 41 കുടുംബങ്ങളാണ് കഴിയുന്നത്. ആടിനെ വളര്‍ത്താന്‍ വനഭൂമിയില്‍ ഷെഡ് കെട്ടിയെന്ന് ആരോപിച്ച് വനം ഉദ്യോഗസ്ഥര്‍ അക്രമം കാട്ടി. ഷെഡ് പൊളിച്ചു. ആളുകളെ മര്‍ദ്ദിച്ചു. ഈ സാഹചര്യത്തിലാണ്, കലക്ടര്‍ പ്രത്യേക യോഗം വിളിച്ചത്. ആദിവാസികള്‍ക്ക് വനാവകാശ നിയമപ്രകാരം ഭൂമി അനുവദിക്കാന്‍ വേഗം നടപടിയെടുക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി.

ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ആദിവാസി കുടുംബങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് സ്ഥലം എം.എല്‍.എ. കെ.രാജന്‍ വ്യക്തമാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനമേറ്റ് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി  പേര്‍  ചികിത്സയിലാണ്.