ഐഎം വിജയന്‍റെ പേരിൽ കായികസമുച്ചയം

തൃശൂര്‍ ലാലൂരില്‍ ഐ.എം.വിജയന്‍റെ പേരിലുള്ള കായിക സമുച്ചയത്തിന് തറക്കല്ലിട്ടു. ലാലൂരില്‍ വരാന്‍ പോകുന്നത് മാലിന്യ സംസ്ക്കരണ പ്ലാന്‍റ് അല്ലെന്നും സ്റ്റേഡിയമാണെന്നും മന്ത്രിമാരായ ഇ.പി.ജയരാജനും വി.എസ്.സുനില്‍കുമാറും ഉറപ്പുനല്‍കി.  

ലാലൂരില്‍ വരാന്‍ പോകുന്നത് കായിക സമുച്ചയമാണോ മാലിന്യ സംസ്ക്കരണ പ്ലാന്‍റ് ആണോ എന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. സിംഗപ്പൂര്‍ മാതൃകയില്‍ മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്ലാന്‍റ് സ്ഥാപിക്കാന്‍ കണ്ടുവച്ച സ്ഥലവും ലാലൂരാണ്. പ്ലാന്‍റ് നിര്‍മാണസ്ഥലം സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതോടെ, നാട്ടുകാരുടെ ആശങ്ക ഇരട്ടിയായി. ഇതിനിടെയാണ്, മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടന ചടങ്ങ് ലാലൂരില്‍ നടന്നത്. ഐ.എം.വിജയന്‍റെ പേരിലുള്ള കായിക സമുച്ചയവും സ്റ്റേഡിയവും നിര്‍മിക്കാനുള്ള ശിലയിടല്‍ ചടങ്ങാണിതെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി.

പതിനാല് ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയവും സമുച്ചയവും വരുന്നത്. 46.47 കോടി രൂപയാണ് നിര്‍മാണ ചെലവ്. രാജ്യാന്തര നിലവാരത്തില്‍ സിന്തറ്റിക് ടര്‍ഫും ഗാലറിയും ഫുട്ബോള്‍ മൈതാനവും ഒരുക്കും. ഇതിനു പുറമെ ഇന്‍ഡോര്‍ സ്റ്റേഡിയവും വരും. മന്ത്രിമാര്‍ ഇത്തരം ഉറപ്പുകള്‍ നല്‍കിയെങ്കിലും നാട്ടുകാരുടെ ആശങ്ക തീര്‍ന്നിട്ടില്ല.