കേരളം കാണാൻ ജർമൻ സംഘം; കൊച്ചിയുടെ സൗന്ദര്യം ആസ്വദിച്ച് മടക്കം

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദേവാലയങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും കാണാന്‍ ജര്‍മന്‍ സംഘം കൊച്ചിയിലെത്തി. ബയേണില്‍ നിന്നുള്ള നാല്‍പതംഗ സംഘമാണ് ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയിലുമെത്തിയത്. ഫോര്‍ട്ട്് കൊച്ചി, ഇടപ്പള്ളി, കാഞ്ഞൂര്‍ എന്നിവിടങ്ങളിലെ പള്ളികളില്‍ ഇവര്‍ സന്ദര്‍ശനം നടത്തി. 

കൊച്ചിയിലെ പൗരാണിക ദേവാലയങ്ങളെ കുറിച്ച് കേട്ടറിവ് മാത്രമാണ് ഇവര്‍ക്ക് ഇന്നോളം ഉണ്ടായിരുന്നത്. കേട്ടും വായിച്ചും അറിഞ്ഞ കൊച്ചിയുടെ സൗന്ദര്യവും, പുരാതന േദവാലയങ്ങളുടെ നിര്‍മാണ വൈവിധ്യവും പ്രൗഢിയുമെല്ലാം  വിസ്മയകാഴ്ചകളായി . ബയേണ്‍ റേഗന്‍സ്്ബുര്‍ഗ് രൂപതയിലെ വില്‍സ്്ബിബുര്‍ഗ് ഇടവക വികാരിയും എംഎസ്എഫ്്എസ് സന്യാസസഭയിലെ മലയാളി വൈദികനുമായ ഫാ. റോബിന്‍ പാറപ്പുറത്തിന്റെ നേതൃത്വത്തിലാണ് ജര്‍മന്‍ സംഘം കൊച്ചിയിലെത്തിയത്.

സന്ദര്‍ശനത്തിന്റെ ഒാര്‍മകള്‍ എന്നും കാത്തുവയ്ക്കാന്‍ കേരളത്തനിമയുള്ള വസ്തുക്കളും ശേഖരിച്ചാണ് ഫോര്‍ട്ട്്കൊച്ചിയില്‍ നിന്ന് സംഘം മടങ്ങിയത്. മൂന്നാര്‍ ആലപ്പുഴ എന്നിവിടങ്ങളില്‍ കൂടി സന്ദര്‍ശനം നടത്തി ഈ മാസം 27ന്  ജര്‍മനിയിലേക്ക് മടങ്ങും.