പ്രളയബാധിതർക്കുള്ള സഹായം; പഞ്ചായത്ത് തടസ്സം നിൽക്കുന്നതായി ആക്ഷേപം

എറണാകുളം പറവൂരില്‍ പ്രളയദുരിതത്തിലകപ്പെട്ടവര്‍ക്ക് വീടുവച്ചുനല്‍കുന്നതിന് പഞ്ചായത്ത് തടസം നില്‍ക്കുന്നതായി ആക്ഷേപം. പറവൂര്‍ ആലങ്ങാട് പഞ്ചായത്തിലെ ഒന്‍പത് കുടുംബങ്ങള്‍ക്കാണ് പഞ്ചായത്തിന്റെ കടുംപിടിത്തം കാരണം സന്നദ്ധസംഘടനകളഉടെ സഹായം നഷ്ടമാകുന്നത്. 

മഹാപ്രളയത്തില്‍ നഷ്ടമായതാണ് പുഷ്പയ്ക്കെല്ലാം. ഉണ്ടായിരുന്നതെല്ലാം വെളളം കൊണ്ടുപോയി. പ്രളയം കഴിഞ്ഞ് നാലുമാസം പിന്നിട്ടിട്ടും മുക്കാൽഭാഗം ഇടിഞ്ഞുവീണ മേൽക്കൂരയ്ക്ക് കീഴിൽ ഒറ്റയ്ക്കാണ് വിധവയായ പുഷ്പയുടെ താമസം. പുഷ്പയുടെ ദുരിതം കണ്ട് പുതിയ വീടുനിര്‍മിച്ചുനല്‍കാന്‍  സഹായവുമായി സന്നദ്ധസംഘടനകളെത്തി. പക്ഷേ നിര്‍മാണനുമതി നല്‍കാന്‍ പഞ്ചായത്ത് തയാറാവുന്നില്ലെന്നാണ് ആക്ഷേപം

വീടിന് രണ്ട് ആധാരമുണ്ടെന്നും ഇത് രണ്ടും ഹാജരാക്കിയാല്‍ നിര്‍മാണനുമതി നല്‍കാമെന്നുമാണ് പ‍ഞ്ചായത്തിന്റെ നിലപാട് പുഷ്പയുള്‍പ്പടെ 14 കുടുംബങ്ങള്‍ക്ക് വീട്വെച്ചുകൊടുക്കാന്‍ സംഘടന തീരുമാനിച്ചെങ്കിലും അഞ്ച് വീടിന് മാത്രമാണ് പഞ്ചായത്ത് അനുമതി നല്‍കിയത്. അനുമതി  വൈകിച്ചാൽ വീട് നിർമ്മിക്കാനുള്ള  സന്നദ്ധ സംഘടനയുടെ സഹായം നഷ്ടമാകാനും സാധ്യതയുണ്ട് . പ്രളയത്തിൽ രേഖകളെല്ലാം നശിച്ചവർക്ക്  വേണ്ട സഹായങ്ങൾ നൽകണമെന്ന് സർക്കാർ നിർദ്ദേശമുണ്ടെങ്കിലും ഇതൊന്നും അംഗീകരിക്കാൻ  പഞ്ചായത്ത് തയ്യാറാകുന്നില്ലെന്നും ചെറിയ കാരണങ്ങള്‍ പറഞ്ഞ് കിട്ടേണ്ട സഹായം നഷ്ടമാക്കുകയാണ് പഞ്ചായത്ത് ചെയ്യുന്നതെന്നും നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.