കുട്ടനാട്ടിലെ കൃഷിരീതിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ശിൽപശാല

പ്രളയാനന്തര കുട്ടനാട്ടിലെ കൃഷിരീതിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ 2 ദിവസത്തെ സമഗ്ര കാർഷിക ശിൽപശാല സംഘടിപ്പിക്കുമെന്നു മന്ത്രി വി.എസ്.സുനിൽ കുമാർ. 

കേന്ദ്ര ഇന്‍ഷുറൻസ് പദ്ധതിയിൽ എല്ലാ കർഷകരെയും പങ്കാളികളാക്കാനുള്ള നടപടികൾ സ്വീകരിക്കും. പൊക്കാളികൃഷി കൊയ്തെടുക്കാൻ സാധിക്കും വിധം കാർഷിക സർവകലാശാല രൂപമാറ്റം വരുത്തിയ യന്ത്രം മന്ത്രി പരിശോധിച്ചു.  

പ്രളയാനന്തര  കുട്ടനാടിനെക്കുറിച്ചു നടത്തിയ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ പാടശേഖര സമിതികളേയും ഉൾക്കൊള്ളിച്ചാകും ശിൽപശാല. ഇതിനായി കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകി പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര–സംസ്ഥാന ഇൻഷുറൻസ് പദ്ധതികൾ പ്രയോജനപ്പെടുത്തിയാൽ വിളനാശമുണ്ടായാൽ ഏകദേശം 1.2 ലക്ഷം രൂപ ഹെക്ടറിനു നഷ്ടപരിഹാരം ലഭിക്കും. കൃഷി ഷെഡ്യൂളുകൾ കർശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. 

വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ട്രക്സർ മെഷീനാണു മാറ്റങ്ങൾ വരുത്തി പൊക്കാളി കൃഷി കൊയ്തെടുക്കാൻ സാധിക്കും വിധം ഉപയോഗപ്പെടുത്തുന്നത്. ഒരേക്കർ പാടം രണ്ടു മണിക്കൂറിനുള്ളിൽ കൊയ്തെടുക്കാൻ കഴിയും. വെള്ളത്തിലും കരയിലും ഉപയോഗിക്കാൻ സാധിക്കുന്ന യന്ത്രം പോളവാരുന്നതിനും ചെളി കോരിമാറ്റുന്നതിനും ഉപയോഗപ്പെടും