തൃശൂരിലെ കോൾപ്പാടങ്ങളിൽ പട്ടാളപ്പുഴു ശല്യം

തൃശൂരിന്റെ കോള്‍പാടമേഖലയില്‍ വീണ്ടും പട്ടാള പുഴുക്കളുടെ ശല്യം രൂക്ഷം. പുഴുവിനെ തുരത്താന്‍ കര്‍ഷകര്‍ വന്‍തുക ചെലവഴിക്കേണ്ട അവസ്ഥയാണ്. 

പ്രളയക്കെടുതിയില്‍ നിന്ന് കരകയറി വരുന്ന കോള്‍പാടമേഖലയ്ക്കുണ്ടായ അടുത്ത തിരിച്ചടിയാണ് പുഴു ശല്യം. നേരത്തെ, തൃശൂരിന്റെ കോള്‍പാടമേഖലയിലെ കൃഷി നശിപ്പിച്ച പുഴുക്കള്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും എത്തി. ഇക്കുറി കൂടുതല്‍ പുഴുക്കള്‍ പ്രത്യക്ഷപ്പെട്ടത് പറപ്പൂരിലാണ്. നിരവധി ഏക്കര്‍ പരന്നു കിടക്കുന്ന കോള്‍പാടത്ത് പുഴുക്കള്‍ പെരുകുകയാണ്. ഒരു ഏക്കറിന് പുഴുവിനെ തുരത്താന്‍ ആയിരത്തിലേറെ രൂപ ചെലവിടണം. ഒരു കോള്‍പാടം ഒന്നിച്ച് ഒരേസമയം മരുന്നു തളിച്ചാല്‍ മാത്രമേ പുഴുക്കളെ തുരത്താന്‍ കഴിയൂ. വിത്തു വിതച്ച സമയത്താണ് പുഴു പെരുകിയത്.

പാടത്തെ വിണ്ടു കീറിയ ചെളിയ്ക്കിടയിലാണ് പുഴുക്കള്‍ തമ്പടിക്കുന്നത്. രാത്രികാലങ്ങളിലാണ് പുഴുക്കള്‍ പുറത്തു വരുന്നത്. പ്രശ്നം ശ്രദ്ധയില്‍പ്പെട്ട കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പട്ടാള പുഴു തീര്‍ത്ത പ്രതിസന്ധി മറികടക്കാനുള്ള നെട്ടോട്ടത്തിലാണ് കര്‍ഷകര്‍.