ചിന്നക്കനാലില്‍ കാട്ടാന ആക്രമണം: വീടുകള്‍ തകര്‍ന്നു; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി ചിന്നക്കനാലില്‍  കാട്ടാന ആക്രമണത്തിൽ രണ്ട് വീടുകള്‍  തകര്‍ന്നു. ഏലവും വാഴയും അടക്കം കൃഷിയും  നശിപ്പിച്ചു. കഴിഞ്ഞ ദിവസം  രാത്രിയാണ്  ചിന്നക്കനാല്‍ പെരിയകനാല്‍ വേണാടിലെ ജനവാസ മേഖലയില്‍ ഒറ്റകൊമ്പന്‍ എത്തിയത്. നാട്ടുകാരായ  അങ്കുപ്പാണ്ടി കുമരവേല്‍, ഭാനുമതി പീറ്റര്‍ എന്നിവരുടെ വീടുകള്‍ കാട്ടാന അടിച്ചു തകര്‍ത്തു.

ഭാനുമതിയുടെ വീടിന് മുറ്റത്തെത്തിയ കാട്ടാന അക്രമിക്കുന്ന ശബ്ദ്ദം കേട്ട് ഉണര്‍ന്നപീറ്ററും, ഭാനുമതിയും പിന്‍വാതിലിലൂടെ ഇറങ്ങി ഓടി സമീപത്തെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. ഇവരുടെ വീട് തകര്‍ത്തതിന് ശേഷം സമീപത്തെ അങ്കുപ്പാണ്ടിയുടെ വീടും ഇടിച്ച് തകര്‍ത്തു. ഇവര്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.

വീടുകൾ തകര്‍ത്തതിനൊപ്പം സമീപത്തെ ഏക്കറ് കണക്കിന് വരുന്ന കൃഷിയിടത്തിലെ ഏലവും, വാഴയുമടക്കുള്ള വിളകളും വ്യാപാകമായി നശിപ്പിച്ചു. അക്രമണകാരിയായ കാട്ടാനയെ മയക്കുവെടി വച്ച് ആനത്താവളത്തിലേയ്ക്ക് മാറ്റുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് വേണ്ട നടപടി സ്വീകരിക്കുന്നതിനു വനംവകുപ്പ് തയ്യാറാകാത്തതിനെതിരേ പ്രതിക്ഷേധ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.