മല്ലപ്പള്ളി നിവാസികളെ വലച്ച് റോ‍ഡ് നിര്‍മാണം

അനിശ്ചിതമായി നീളുന്ന റോ‍ഡ് നിര്‍മാണംമൂലം പത്തനംതിട്ട മല്ലപ്പള്ളി നിവാസികള്‍ക്ക്  ദുരിതം. മല്ലപ്പള്ളി– കോഴഞ്ചേരി സംസ്ഥാനപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതോടെ പൊടിശല്യം രൂക്ഷമായി .   

മല്ലപ്പള്ളിയില്‍നിന്ന് കോഴഞ്ചേരി പോകുന്ന റൂട്ടില്‍ റോഡ‍് നനയ്ക്കുന്ന നാട്ടുകാര്‍ പതിവ് കാഴ്ചയാണ്. ദിവസവും പലതവണ റോഡ് നനയ്ക്കാതെ ഇവിടെ താമസം അസഹ്യമായിരിക്കുകയാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഉയരുന്ന പൊടിമൂലം സമീപത്തെ കടകളിലും സ്കൂളുകളിലുമെല്ലാം നിറയെ പൊടിയാണ്. റോ‍ഡരുകില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍ .ഡി സ്കൂളിലെ കുട്ടികളെ കഴിഞ്ഞ ദിവസം ശ്വാസതടസംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു.

കഴിഞ്ഞ ജനുവരി ആദ്യം തുടങ്ങിയനിര്‍മാണമാണ് ഇപ്പോഴും പൂര്‍ത്തിയാകാതെ കിടക്കുന്നത്. പൊടിശല്യംമൂലം നാട്ടുകാര്‍ സമരത്തിനിറങ്ങിയെങ്കിലും അധികൃതര്‍ വാഗ്ദാനങ്ങള്‍ നല്‍കി പിന്തിരിപ്പിച്ചു. റോഡിന് ഇരുവശങ്ങളിലായി ജലഅതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍. സ്ഥാപിക്കാനുള്ള കാലതാമസമാണ് ഉണ്ടാകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് പറയുന്നു.