വെറ്റിലപ്പാറ-അതിരപ്പിള്ളി പാലം അപകടാവസ്ഥയിൽ

പ്രളയത്തിന്റെ ആഘാതത്തില്‍ വെറ്റിലപ്പാറ...അതിരപ്പിള്ളി പാലം അപകടത്തില്‍. കൂറ്റന്‍ മരങ്ങള്‍ വന്നടിഞ്ഞ് പാലത്തിന്റെ സ്ലാബ് ഒരടിയോളം തെന്നിമാറിയ നിലയിലാണ്. കൊച്ചിയില്‍ നിന്ന്  അതിരപ്പിള്ളിയിലേക്കുള്ള വിനോദസഞ്ചാരികള്‍ മുപ്പതു കിലോമീറ്റര്‍ വളഞ്ഞു വേണം യാത്ര ചെയ്യാന്‍.

അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് കേരളത്തിന്റെ തെക്കു ഭാഗത്തു നിന്നുള്ളവര്‍ക്ക് ഈ പാലമായിരുന്നു എളുപ്പവഴി. പ്രളയത്തിനു ശേഷം പാലം അടച്ചതോടെ മുപ്പതു കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ട അവസ്ഥയിലാണ് സന്ദര്‍ശകര്‍. പാലത്തിന്റെ താഴെ കൂറ്റന്‍ മരങ്ങള്‍ ശക്തിയായി വന്നടിച്ചതോടെ ബലക്ഷയമായി. പാലത്തിന്റെ സ്ലാബും തെന്നിമാറിയ അവസ്ഥയിലായതിനാല്‍ വാഹനങ്ങളെ കടത്തിവിടാന്‍ കഴിയില്ല. പാലത്തിന്റെ അറ്റകുറ്റപ്പണി വേഗത്തില്‍ തീര്‍ക്കുക മാത്രമാണ് പോംവഴി. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തൊഴിലാളികള്‍ക്ക് ചികില്‍സയ്ക്കുള്ള ആശുപത്രിയിലേക്ക് വേഗം എത്താനും ഇതുതന്നെയായിരുന്നു വഴി. ഇപ്പോള്‍, തൊഴിലാളികളുടെ ചികില്‍സയും ബുദ്ധിമുട്ടിലായി. 

പാലത്തിന്റെ കൈവരികളും ഒരുഭാഗം തകര്‍ന്നു. നടപ്പാതയിലെ ടൈലുകളും ഒഴുകിപ്പോയി. ടാറിങ്ങും തകര്‍ന്നു. പാലത്തിന്റെ താഴേയ്ക്ക് ഇറങ്ങുന്ന ചവിട്ടുപടികളും തകര്‍ന്ന് തരിപ്പണമായി. മണ്ണിടിച്ചിലും ഭീഷണിയായി തുടരുന്നു.