മഴ കുറഞ്ഞു; ഇടുക്കിയിൽ വീണ്ടും വിനോദസഞ്ചാരികളുടെ തിരക്ക്

മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായതോടെ ഇടുക്കി ജില്ലയിലെ  വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചാരികള്‍ വീണ്ടുമെത്തി തുടങ്ങി. അറബ് സഞ്ചാരികളാണ്  ഹൈറേഞ്ചിന്റെ കുളിരുതേടി ഇപ്പോള്‍ കൂടുതലുമെത്തുന്നത്. ശക്തമായ  മഴയില്‍ വെള്ളച്ചാട്ടങ്ങള്‍ സജീവമായതും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.കാലവര്‍ഷ മഴയില്‍ ഹൈറേഞ്ചിലെ  വിനോദ സഞ്ചാര മേഖലയും ദുരന്ത ഭീതിയില്‍ ആളൊഴിഞ്ഞ്  പ്രതിസന്ധിയിലായിരുന്നു. ദേശീയപാതകളിലടക്കം വന്‍തോതില്‍ മണ്ണിടിച്ചിലും മരംവീഴ്ച്ചയും പതിവായതോടെ ഹൈറേഞ്ചിലേയ്ക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു.

മൂന്നാര്‍ അടക്കമുള്ള മേഖലകളില്‍ ഹോട്ടലുകളും കോട്ടേജുകളും ആളുകളില്ലാതെ അടച്ചിടേണ്ട സ്ഥിതിയില്‍ വരെ എത്തി. എന്നാല്‍  മഴയ്ക്ക് അല്‍പ്പം ശമനമായതോടെ  സഞ്ചാരികള്‍ എത്തിതുടങ്ങി.മഴയില്‍ സജീവമായ വെളളച്ചാട്ടങ്ങള്‍ കാണാന്‍ തിരക്കേറി.  വരും ദിവസ്സങ്ങളില്‍ മഴ തോര്‍ന്ന് നിന്നാല്‍ സഞ്ചാരികളുടെ കടന്നുവരവില്‍ വര്‍ദ്ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും വ്യാപാരികളും.  നീലക്കുറിഞ്ഞ് വസന്തം കൂടി വരുന്നതോടെ ഇടുക്കിയിലെ വിനോദ സഞ്ചാര മേഖല ഉണരുന്നതിനൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധിയേയും മറികടക്കുവാന്‍ കഴിയുമെന്നാണ്  പ്രതീക്ഷ.