ഇടുക്കി ജില്ലയിലെ മലയോര മേഖലകളില്‍ മഴ ശക്തമായി തുടരുന്നു

ഇടുക്കി ജില്ലയിലെ മലയോര മേഖലകളില്‍ മഴ ശക്തമായി തുടരുന്നു. ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും കനത്ത കൃഷിനാശമുണ്ടായി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 123.5 അടിയായി ഉയര്‍ന്നു. 

മൂലമറ്റം വാഗമണ്‍ റൂട്ടില്‍ ഇലപ്പള്ളിയില്‍  ഉരുള്‍പൊട്ടി വന്‍ കൃഷിനാശമാണ് ഉണ്ടായത്. മണിക്കൂറുകളോളം വാഗമണ്‍ റൂട്ടിലെ ഗതാഗതം തടസപ്പെട്ടു. സമീപത്ത് വീടുകളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നാട്ടുകാരെല്ലാം ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് കഴയുന്നത്.

ഇടുക്കി ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍  ശരാശരി 84 മില്ലീമീറ്റര്‍ മഴ ലഭിച്ചു.ഏറ്റവും കടുതല്‍ മഴ ലഭിച്ചത് പീരുമേട് താലൂക്കിലാണ്118 മില്ലീമീറ്റര്‍. മലയോര മേഖലകളില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ ഡാമുകളിലേയ്ക്കുള്ള നീരൊഴുക്കു കൂടി. ഇടുക്കി അണക്കെട്ടില്‍    ജലനിരപ്പ് 2358 അടിയും, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 123.5 അടിയുമായി ഉയര്‍ന്നു. മലങ്കര ഇഅണക്കെട്ടിന്റെ  മൂന്ന് ഷട്ടറുകള്‍ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണ്. മലയോര മേഖലകളിലേക്ക് യാത്രചെയ്യുന്നവര്‍ക്ക്  ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലയിടത്തും മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. നെടുങ്കണ്ടം കല്‍ക്കൂന്തലില്‍ മരംവീണ് വീട് തകര്‍ന്നു. രണ്ടുപേര്‍ക്ക് പരിക്കേറ്റു