കോൺഗ്രസ് നേതാവ് പിടിയിലായെന്ന് വ്യാജവാർത്ത; പൊലീസ് അന്വേഷണം തുടങ്ങി

തൃശൂരിലെ യുവകോണ്‍ഗ്രസ് നേതാവ് ജോണ്‍ ഡാനിയേല്‍ അഴിമതിക്കേസില്‍ പിടിയിലായെന്ന വ്യാജ വാര്‍ത്ത നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു. പരാതിയെത്തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.  

തൃശൂര്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി, കോര്‍പറേഷന്‍ പ്രതിപക്ഷ ഉപനേതാവ്, മുന്‍ കെ.പി.സി.സി. അംഗം, യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ ജനറല്‍ സെക്രട്ടറി തുടങ്ങി നിരവധി പദവികള്‍ വഹിക്കുന്ന നേതാവാണ് ജോണ്‍ ഡാനിയേല്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ജോണ്‍ ഡാനിയേല്‍ അഴിമതിക്കുറ്റത്തിന് പിടിയിലായെന്നാണ്. മാത്രവുമല്ല, നിരവധി സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കേരളം മുഴുവന്‍ കേസുകളുണ്ടെന്നും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എന്നാല്‍, ജോണ്‍ ഡാനിയേലിന് എതിരെ ഇതുവരെ ഒരു തട്ടിപ്പുക്കേസുകളുമില്ലെന്ന് പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ്, നവമാധ്യമങ്ങള്‍ വഴി അപവാദ പ്രചരണം. ഇതിനു പിന്നില്‍ ഓണ്‍ലൈന്‍ ക്വട്ടേഷനാണെന്ന് ജോണ്‍ ഡാനിയേല്‍ പറഞ്ഞു.

സൗമ്യയുടെ കൊലയാളി ഗോവിന്ദച്ചാമിയെ പണ്ട്, കോടതി വളപ്പില്‍ കയ്യേറ്റം ചെയ്ത ജോണിന്റെ നേതൃത്വത്തിലായിരുന്നു. വി.ടി.ബല്‍റാം എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ ജോണ്‍ ഡാനിേയലിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. അപവാദ പ്രചരണത്തിന്റെ പേരില്‍ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസിന് പരാതി നല്‍കിയത്. എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് കോടതിയുടെ അനുമതി തേടി.