ഒൻപത് പേരുടെ ജീവനെടുത്ത പീലാണ്ടിക്ക് പുതുജീവിതം

ഒന്‍പത് പേരുടെ ജീവനെടുത്ത പീലാണ്ടിയെന്ന കാട്ടാനയ്ക്ക് കോടനാട് ആനക്കളരിയില്‍ പുതുജീവിതം. ഒരുവര്‍ഷത്തെ കഠിന പരിശീലനത്തിനൊടുവില്‍ മര്യാദക്കാരനായി മാറിയ പീലാണ്ടി ഇനി കോടനാട് ചന്ദ്രശേഖരന്‍ എന്ന പേരിലായിരിക്കും അറിയപ്പെടുക.

പീലാണ്ടിയെന്നു കേട്ടാല്‍ നാട്ടുകാര്‍ വിറയ്ക്കുന്ന ഒരു കാലമുണ്ടായിരുന്നു. പാലക്കാട് അട്ടപ്പാടി വനമേഖലയിലും നാട്ടിന്‍പുറത്തുമായി ഒന്‍പത് പേരെയാണ് ഈ കൊമ്പന്‍ കൊന്നത്. ആദ്യം ജീവനെടുത്തത് ആദിവാസിക്കുടിയിലെ പീലാണ്ടിയെന്ന ആളെയായതിനാലാണ് ആ പേര് ആദിവാസികള്‍ ഇവനു നല്‍കിയത്. നാട്ടിലിറങ്ങുന്നതും ആളെക്കൊല്ലുന്നതും തടയാന്‍ കഴിയാതായതോടെ വനപാലകര്‍ പീലാണ്ടിയെ പിടികൂടി കോടനാട് ആനക്കളരിയില്‍ മര്യാദപഠിപ്പിക്കാന്‍ എത്തിച്ചു. പൂര്‍ണമായും ബന്ധിച്ച് ആനക്കൂട്ടില്‍ തളച്ചിരുന്ന പീലാണ്ടിയെ ഒരുവര്‍ഷത്തെ പരിശീലനത്തിനുശേഷമാണ് കൂട്ടില്‍ നിന്ന് പുറത്തിറക്കിയത്. പ്രത്യേക പരിശീലനം ലഭിച്ച പാപ്പാന്‍മാരുടെ നേതൃത്വത്തില്‍ കൂട്ടില്‍ നിന്നു പുറത്തിറക്കിയ പീലാണ്ടി ഒരു പ്രകോപനവും ഉണ്ടാക്കിയില്ല. മര്യാദക്കാരനായ പീലാണ്ടിക്ക് പുതിയ പേരുമായി. കോടനാട് ചന്ദ്രശേഖരന്‍.

ഒന്‍പത് പേരെ കൊന്നിട്ടുണ്ടെങ്കിലും പീലാണ്ടി ആദിവാസികളില്‍ പലര്‍ക്കും ഭഗവാനായിരുന്നു. പീലാണ്ടി ഇറങ്ങിയ കൃഷിയിടത്തില്‍ അടുത്തവര്‍ഷങ്ങളില്‍ വന്‍ വിളവെടുപ്പ് ലഭിച്ചതോടെയാണ് ആദിവാസികള്‍ക്കിടയില്‍ ഭഗവാന്‍ പരിവേഷം ലഭിച്ചത്. പീലാണ്ടിയെ കോടനാടെത്തിച്ചശേഷവും ആദിവാസികള്‍ കാണാന്‍ എത്തുന്നത് പതിവായിരുന്നു.