മൂന്നാറിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ച സംഭവത്തിൽ ഉടമയ്ക്കെതിരെ കേസ്

മൂന്നാറില്‍ കെട്ടിട നിര്‍മാണത്തിനിടെ  മണ്ണിടിഞ്ഞ് വീണ്  തൊഴിലാളി മരിച്ച സംഭവത്തില്‍ റവന്യുവകുപ്പും പൊലീസും  കെട്ടിട ഉടമയ്ക്കെതിരെ  കേസെടുക്കും. കയ്യേറ്റ ഭൂമിയില്‍ പാറപ്പൊട്ടിച്ച് നിര്‍മ്മാണം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്  നടപടി.  കെട്ടിടം താല്കാലികമായി പൂട്ടാന്‍  തഹസില്‍ദ്ദാര്‍ നിര്‍ദ്ദേശം നല്‍കി.

‌കൈയ്യേറ്റ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനിടെയാണ്  മണ്ണിടിഞ്ഞ് വീണ് മൂന്നാര്‍ എം.ജി കോളനി സ്വദേശി സമുദ്രകനി മരിച്ചത്. സര്‍ക്കാര്‍ ഭൂമി കൈയ്യേറി പാറപൊട്ടിച്ച് നിര്‍മ്മാണം നടത്തിയ കെട്ടിടയുമയക്കെതിരെ നടപടിയെടുക്കുമെന്ന് ദേവികുളം തഹസില്‍ദ്ദാര്‍ പി.കെ.ഷാജി അറിയിച്ചു. മൂന്നാറിലെ പോലീസ് എ.ആര്‍ ക്യാമ്പിനും സ്‌പെഷില്‍ ട്രിബൂണല്‍ കോടതിയ്ക്കും ഇടയിലുള്ള കെ.എസ്.ഇ.ബി ഭൂമിയിലാണ് സ്വകാര്യവ്യക്തി കെട്ടിടം നിര്‍മ്മിക്കുന്നതിനായി മണ്ണെടുത്ത്. നിലവില്‍ താമസിക്കാന്‍ കെട്ടിടമുണ്ടെങ്കിലും സമീപത്തെ മണ്‍ഭിത്തി ഇടിച്ചുനിരത്തുകയായിരുന്നു.  ഭൂമിയുടെ അവകാശത്തെച്ചൊല്ലി നിലവില്‍ കെ.എസ്.ഇ.ബിയുമായി കേസുണ്ട്.  സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കെട്ടിടം താല്കാലികമായി അടച്ചിടാന്‍ കെട്ടിടയുടയ്ക്ക് നിര്‍ദ്ദേശം നല്‍കി. കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുമെന്നും  തഹസില്‍ദ്ദാര്‍ പറഞ്ഞു.  കെ.എസ്.ഇ.ബി അധിക്യതരുടെ നേത്യത്വത്തിലുള്ള സംഘവും സ്ഥലം സന്ദര്‍ശിച്ചു