കുടമാറ്റത്തിനൊരുങ്ങുന്നത് രണ്ടായിരം കുടകൾ

തൃശൂര്‍ പൂരത്തിന്റെ നിറപകിട്ടിനായി ദേശങ്ങളില്‍ ഒരുങ്ങുന്നത് രണ്ടായിരം കുടകളാണ്. സൂറത്തില്‍ നിന്ന് പ്രത്യേക തരം തുണി ഇറക്കുമതി ചെയ്താണ് കുടകളുടെ നിര്‍മാണം. 

തിരുവമ്പാടിയുടേയും പാറമേക്കാവിന്റേയും കുടനിര്‍മാണ കേന്ദ്രങ്ങളില്‍ പോയാല്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ്. ഈ ലോകത്തു കിട്ടാവുന്ന പ്രത്യേക തരം നിറങ്ങളെല്ലാം ദേശക്കാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. കുടകള്‍ നിര്‍മിക്കാന്‍. 45നും അന്‍പതിനും മധ്യേ കുടകള്‍ വീതം രണ്ടു ദേശക്കാരും ഉയര്‍ത്തും. ഓരോ തവണയും പതിനഞ്ചു സെറ്റ് വീതം. തെക്കേഗോപുര നട നിറങ്ങളില്‍ നീരാടും പൂരദിനത്തില്‍. കുടകള്‍ക്കുള്ള തുണി വാങ്ങാന്‍ ദേശക്കാര്‍ പൂരത്തിന് നാലു മാസം മുമ്പേ ഇതരസംസ്ഥാനങ്ങളിലേയ്ക്കു വണ്ടിക്കയറും. തിരഞ്ഞെടുക്കുന്ന നിറങ്ങള്‍ക്ക് രഹസ്യസ്വഭാവം നിലനിര്‍ത്തും. കാരണം, കുടമാറ്റം മല്‍സരമാണല്ലോ?. കുടകളുടെ ഫ്രെയിമുകള്‍ മരത്തിലാണ്. ഓരോ തവണയും ഇത് പെയിന്റടിച്ച് പുത്തന്‍ രൂപത്തിലാക്കും. രണ്ടു ദേശങ്ങളിലുമായി അന്‍പതോളം ജീവനക്കാര്‍ രാപകല്‍ അദ്വാനിച്ചാണ് കുടമാറ്റത്തിന് കാഴ്ച സൃഷ്ടിക്കുന്നത്.

ഒരുതവണ പൂരത്തിന് ഉപയോഗിച്ച തുണി അടുത്ത വര്‍ഷം ഉപയോഗിക്കില്ല. കാരണം, തൃശൂരില്‍ നിര്‍മിക്കുന്ന കുടകളെല്ലാം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ പൂരത്തിന് വാടകയ്ക്കു നല്‍കുകയാണ് പതിവ്. ഒരു വര്‍ഷം കഴിയുമ്പോഴേയ്ക്കും അതിന്റെ പുതുമ നഷ്ടപ്പെട്ടിരിക്കും. അങ്ങനെ, രണ്ടായിരത്തോളം പുത്തന്‍കുടകള്‍ ആനപ്പുറത്തുയരുമ്പോള്‍ പൂരം മറ്റൊരു വര്‍ണക്കാഴ്ച കൂടി സമ്മാനിക്കും.