മൂന്നാറിൽ പൊലീസിന്റെയും പഞ്ചായത്തിന്റെയും പരിഷ‌്ക്കാരങ്ങൾ തുടരുന്നു

കുറിഞ്ഞിപ്പൂക്കാലത്തിന് മുന്നോടിയായി മൂന്നാറില്‍ പൊലീസിന്‍റെയും പഞ്ചായത്തിന്‍റെയും ഗതാഗത പരിഷ്ക്കാരങ്ങള്‍ തുടരുന്നു. നഗരത്തില്‍ ഗതാഗതകുരുക്കിന് ഇടയാക്കുന്ന അനധികൃത പെട്ടിക്കടകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. പോസ്റ്റ് ഓഫീസ്  റോഡില്‍ നിന്ന് പെട്ടിക്കടകള്‍ നീക്കം ചെയ്ത് ബസ് സ്റ്റാന്‍ഡാക്കി മാറ്റി. 

ഗതാഗത പരിഷ്ക്കാരത്തിന്‍റെ രണ്ടാംഘട്ടത്തിലാണ് അനധികൃത പെട്ടിക്കടകള്‍ക്കെതിരെയുള്ള നടപടി. ആദ്യഘട്ടത്തില്‍ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാന്‍ മീഡിയനുകള്‍ സ്ഥാപിച്ചതു കൂടാതെ അനധികൃത പാര്‍ക്കിങ്ങും നിരോധിച്ചിരുന്നു. നടപ്പാത കയ്യേറിയുള്ള കടകള്‍ പൊളിച്ചു നീക്കണമെന്ന് പ‍ഞ്ചായത്ത് വ്യാപാരികള്‍ക്ക് ഒരാഴ്ച മുന്‍പ്  നോട്ടിസ് നല്‍കി. പോസ്റ്റ് ഓഫിസ് റോഡില്‍ ടാക്സി സ്റ്റാന്‍ഡ് കയ്യേറി പ്രവര്‍ത്തിച്ചിരുന്ന പെട്ടിക്കടകളാണ് പൊളിച്ചു നീക്കിയത്. ഇവിടെ ബസ് സ്റ്റാന്‍ഡാക്കി മാറ്റി. ബസ് സ്റ്റാന്‍ഡില്ലാത്തതും ബസുകള്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്യുന്നതുമായിരുന്നു മൂന്നാറില്‍ ഗതാഗത കുരുക്കിനുള്ള കാരണങ്ങളിലൊന്ന്. കൂടുതല്‍ ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പഴയമൂന്നാറിലും സൗകര്യം ഒരുക്കുന്നുണ്ട്. പഞ്ചായത്തും പൊലീസും സംയുക്തമായാണ് ഗതാഗത പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുന്നത്. 

ടൗണില്‍  നടപ്പാത കയ്യേറിയ പെട്ടികടകള്‍ക്കെതിരെ വരും ദിവസങ്ങളിലും നടപടി തുടരും. കുറുഞ്ഞിക്കാലത്ത് മൂന്നാറില്‍ എട്ടുലക്ഷം സന്ദര്‍ശകര്‍ എത്തുമെന്നാണ് ടൂറിസം വകുപ്പിന്‍റെ കണക്ക്.  സന്ദര്‍ശകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനമാണ് വിവിധ വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്നത്.