വിശപ്പുരഹിത കേരളം പദ്ധതിയ്ക്ക് കൈത്താങ്ങുമായി കൊച്ചിൻ ദേവസ്വം

സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയ്ക്ക് കൈത്താങ്ങുമായി കൊച്ചിൻ ദേവസ്വം ബോര്‍ഡ്. ഇന്നു മുതല്‍ തൃശൂര്‍ നഗരത്തില്‍ വിശന്നു വലയുന്ന എല്ലാവര്‍ക്കും ദേവസ്വം കഞ്ഞിയും പുഴുക്കും സൗജന്യമായി നല്‍കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. 

തൃശൂരില്‍ ആരും ഇനി മുതല്‍ ഭക്ഷണത്തിന് പണമില്ലാതെ വിശന്നു വലയില്ല. വടക്കുന്നാഥ ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ സൗജന്യമായി കഞ്ഞിയും പുഴുക്കും വിതരണം ചെയ്യും. ക്ഷേത്രത്തിന് പുറത്തായതിനാല്‍ ഏതു മതത്തില്‍പ്പെട്ട ഒരാള്‍ക്കു അന്നദാനമണ്ഡപത്തില്‍ പ്രവേശിക്കാം. ദിവസവും 35 കിലോ അരി ഉപയോഗിക്ക് കഞ്ഞിയുണ്ടാക്കും. ഇതോടൊപ്പം ചക്കയോ കപ്പയോ ഉണ്ടാകും. ദിവസവും രാവിലെ പത്തു മുതല്‍ കഞ്ഞിവിതരണം തുടങ്ങും. 

വിവിധ സ്പോണ്‍സര്‍മാരുടെ സഹായത്തോടെയാണ് ഭക്ഷണവിതരണം. അടുത്ത ഘട്ടത്തില്‍ കൊച്ചിൻ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള മറ്റു ക്ഷേത്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.