മാള ജൂതസിനഗോഗും സെമിത്തേരിയും ചരിത്രസ്മാരകമായി സംരക്ഷിക്കണമെന്നാവശ്യം

മാള ജൂത സിനഗോഗും സെമിത്തേരിയും ചരിത്ര സ്മാരകമായി സംരക്ഷിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. ഇനി സൃഷ്ടിക്കാനാകാത്ത ചരിത്ര സ്മാരകങ്ങള്‍ പൈതൃകമായി സംരക്ഷിക്കണമെന്നാണ് മാള പൈതൃക സംരക്ഷണ സമിതിയുടെ ആവശ്യം.  

ജൂത സിനഗോഗും സെമിത്തേരിയും പുരാവസ്തു വകുപ്പ് ഏറ്റെടുത്തെന്ന പ്രചരണങ്ങള്‍ ശരിയല്ലെന്നാണ് മാള പഞ്ചായത്തിന്റെ നിലപാട്. സംരക്ഷിത സ്മാരകങ്ങളായി പുരാവസ്തു വകുപ്പ് പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ, ഈ രണ്ടു സ്മാരകങ്ങളും പുരാവസ്തു വകുപ്പിന് കൈമാറിയിട്ടില്ല. മറിച്ചുള്ള പ്രചരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്ന് മാള പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

മാളയുടെ ടൂറിസം വികസനമാണ് ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ പൈതൃക സംരക്ഷണ സമിതി ലക്ഷ്യമിടുന്നത്. നിരവധി വിദേശികള്‍ ഈ സ്മാരകങ്ങള്‍ കാണാന്‍ മാളയില്‍ എത്തും. ഒപ്പംതന്നെ, ചരിത്രം കാത്തുസൂക്ഷിക്കാനുള്ള നിര്‍ണായക കാല്‍വയ്പ്പുമാകും ഈ നടപടി.

സംരക്ഷിത സ്മാരകമാക്കാനുള്ള തീരുമാനങ്ങള്‍ പഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേന തീരുമാനിച്ചതാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ഇതുവസരെ എതിര്‍പ്പുകള്‍ ആരും പഞ്ചായത്ത് ഭരണസമിതിയില്‍ ഉന്നയിച്ചിട്ടില്ല. വ്യാപാരികളുടെ കടകള്‍ കുടിയൊഴിപ്പിക്കേണ്ടി വന്നാല്‍ അവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്നാണ് പഞ്ചായത്തിന്റെ നിലപാട്.