അന്താരാഷ്ട്ര നാടകോത്സവത്തിന് തൃശൂരിൽ പ്രൗഢഗംഭീര തുടക്കം

പത്താമത് അന്താരാഷ്ട്ര നാടകോത്സവത്തിന് തൃശൂരിൽ പ്രൗഢഗംഭീരമായ തുടക്കം. കേരള സംഗീതനാടക അക്കാദമിയിൽ പത്ത് ദിവസത്തെ നാടകോത്സവത്തിൽ 32 നാടകങ്ങളാണ് അരങ്ങിലെത്തുക. 70 കോടി ചെലവിൽ തൃശൂരിൽ സാംസ്കാരിക സമുച്ചയം നിർമ്മിക്കുമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു.

പലസ്തീൻ ഇസ്രയേൽ സംഘർഷത്തിന്‍റെ കഥ പറഞ്ഞ പലസ്തീൻ ഇയർ സീറോ എന്ന നാടകമായിരുന്നു ആദ്യത്തേത്. സ്വന്തം മണ്ണിൽ നിന്നുള്ള പലസ്തീൻകാരുടെ പലായനവും രക്തരൂക്ഷിതമായ ആക്രമണങ്ങളും നേർക്കാഴ്ചയാകുന്ന നാടകം കാണികളെ പിടിച്ചിരുത്തി. അരികുവത്കരിക്കപ്പെടുന്നവരുടെ അരങ്ങ് എന്ന സമകാലിക വിഷയത്തിലൂന്നിയാണ് ഇത്തവണത്തെ നാടകോത്സവം.

16 വിദേശനാടകങ്ങളുൾപ്പെടെ 32 നാടകങ്ങളാണ് അരങ്ങിലെത്തുക. ട്രാൻസ്ജെൻറേറുകളുടെ നാടകക്കൂട്ടായ്മയുടെ പറയാൻ മറന്ന കഥകൾ എന്ന നാടകവും അരങ്ങേറി. സംഗീത നാടക അക്കാദമി പ്രസിഡന്‍റ് കെപിഎസി ലളിത, സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ പ്രമുഖ നടി സീമ ബിശ്വാസ് തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിനെത്തി.