മലക്കപ്പാറയിലെ ആദിവാസി കോളനികളില്‍ ക്ഷേമം ഉറപ്പാക്കാന്‍ സബ്കലക്ടറുടെ ഇടപെടൽ

അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി കോളനികളില്‍ ക്ഷേമം ഉറപ്പാക്കാന്‍ തൃശൂര്‍ സബ്കലക്ടര്‍ ഡോ.രേണുരാജ് ഇടപ്പെട്ടു. കോളനി സന്ദര്‍ശിച്ച റവന്യൂസംഘം കോളനി നവീകരണ പരിപാടികള്‍ക്കു രൂപം നല്‍കി. പത്തുവര്‍ഷമായി പ്രവര്‍ത്തനം നിലച്ച സഹകരണസംഘം തുറക്കാനാണ് ആദ്യത്തെ പരിപാടി. 

ആദിവാസി കോളനികളിലെ ദുരിതം നേരിട്ടറിയാനാണ് തൃശൂര്‍ സബ്കലക്ടര്‍ ഡോ.രേണുരാജിന്റെ നേതൃത്വത്തില്‍ റവന്യൂസംഘം എത്തിയത്. ആദിവാസികള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ സംഭരിക്കാന്‍ സൗകര്യം ഒരുക്കും. മാത്രവുമല്ല, ഇത്തരം വിഭവങ്ങള്‍ നല്ലവിലയ്ക്കു വില്‍ക്കാനും സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി, പട്ടികവര്‍ഗ വികസന സഹകരണ സംഘം പുനരുജ്ജീവിപ്പിക്കാനാണ് പദ്ധതി. സംഘത്തിന്റെ ഓഫിസ് കെട്ടിടങ്ങള്‍ ഉടന്‍ നേരെയാക്കും. പെരുമ്പാറ ആദിവാസി ഊരും സന്ദര്‍ശിച്ചു. കാട്ടാന ആക്രമണത്തില്‍ തകര്‍ന്ന വീടുകളും കണ്ടു. വന്യജീവി ആക്രമണത്തില്‍ നശിച്ച കൃഷിയുടെ നാശനഷ്ടങ്ങള്‍ വിലയിരുത്തി. കോളനിക്കാരുമായി ദീര്‍ഘനേരം സംസാരിച്ച ശേഷമാണ് സബ്കലക്ടര്‍ മടങ്ങിയത്. 

ശേഖരിക്കുന്ന വനവിഭവങ്ങള്‍ ഇടനിലക്കാര്‍ വിലക്കുറച്ച് വാങ്ങി വന്‍ലാഭം കൊയ്യുകയാണ്. ഇതു തടയാന്‍ മെച്ചപ്പെട്ട സംഭരണവും വില്‍പനയും ഒരുക്കണമെന്നായിരുന്നു ഊരിലുള്ളവരുടെ അഭിപ്രായം. കാട്ടാന ഉള്‍പ്പെടെ വന്യജീവികളുടെ ആക്രമണം വ്യാപകമായ പ്രദേശങ്ങളാണിത്. കൃഷി നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരത്തുക സര്‍ക്കാരില്‍ നിന്ന് ഉടന്‍ അനുവദിക്കാന്‍ സബ്കലക്ടര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് കോളനികള്‍.