സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ.കെ.ജയചന്ദ്രൻ തുടരും

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ.കെ.ജയചന്ദ്രൻ തുടരും. ജില്ലാ കമ്മിറ്റിയിൽ മൂന്ന് ഏരിയാ സെക്രട്ടറിമാർ ഉൾപ്പെടെ നാല് പേരെ പുതുതായി ഉൾപ്പെടുത്തി. 

തുടർച്ചയായ രണ്ടാം തവണയാണ് കെ.കെ.ജയചന്ദ്രൻ സി പി എം ജില്ലാ സെക്രട്ടറിയാകുന്നത്. 1995ൽ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അനാരോഗ്യത്തെതുടർന്ന് പിൻമാറി. പിന്നീട് 2001 ൽ ഉടുമ്പൻചോലയിൽ നിയമസഭ തിരഞ്ഞെടുപിൽ മത്സരിച്ച് വിജയിച്ചു. 2006ലും 2011ലും ഉടുമ്പൻചോലയിൽ വിജയം ആവർത്തിച്ചു. 2012 ൽ ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണി മണക്കാട് പ്രസംഗത്തെ തുടർന്ന് അറസ്റ്റിലായതോടെ ജയചന്ദ്രൻ അക്ടിങ് സെക്രട്ടറിയായി. ഒരുവർഷം ചുമതല വഹിച്ചു. 2015ൽ മൂന്നാറിലെ സമ്മേളനത്തിൽ ജയചന്ദ്രൻ വീണ്ടു സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ ഭൂപ്രശ്നങ്ങളും മുന്നണിയിലെ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്ന് കെ.കെ.ജയചന്ദ്രൻ വ്യക്തമാക്കി. 

തൊടുപുഴ ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ, കട്ടപ്പന ഏരിയാ സെക്രട്ടറി വി.ആർ.സജി, ശാന്തൻപാറ ഏരിയാ സെക്രട്ടറി എം.പി.സുനിൽകുമാർ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിഷാന്ത് വി.ചന്ദ്രൻ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ. 38 അംഗ ജില്ലാ കമ്മിറ്റിയെയും 27 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.