തൃശൂരിൽ ഊബറിനെച്ചൊല്ലി ടാക്സി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം

ഊബര്‍ ടാക്സി തൃശൂര്‍ റയില്‍വേ സ്റ്റേഷനികത്ത് കൗണ്ടര്‍ തുറന്നതിനെ ചൊല്ലി ടാക്സി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം പതിവായി. ടാക്സി പണിമുടക്കും സംഘര്‍ഷവും തുടരുന്നതിനാല്‍ റയില്‍വേ അധികൃതര്‍ തൊഴിലാളികളെ ചര്‍ച്ചയ്ക്കു വിളിച്ചു.  

തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ അന്‍പത്തിയൊന്‍പതു ടാക്സി കാറുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ആറു മാസം കൂടുമ്പോള്‍ 4425 രൂപ ഓരോ ടാക്സിക്കാരനും അടയ്ക്കണം. ഇങ്ങനെ അന്‍പത്തിയൊന്‍പതു പേര്‍ അടയ്ക്കുമ്പോള്‍ അഞ്ചര ലക്ഷം രൂപയാണ് റയില്‍വേയ്ക്കു കിട്ടുന്നത്. ഈ ടാക്സിക്കാരെല്ലാം റയില്‍വേ സ്റ്റേഷന് പുറത്താണ് യാത്രക്കാരെ കയറ്റാന്‍ കാത്തുനില്‍ക്കുന്നത്. എന്നാല്‍, ഊബര്‍ ടാക്സിക്കാര്‍ക്ക് റയില്‍വേ സ്റ്റേഷനുള്ളില്‍ കൗണ്ടര്‍ തുറക്കാന്‍ അനുമതി നല്‍കി. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഊബര്‍ കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ഇവര്‍ അടയ്ക്കുന്നതാകട്ടെ അന്‍പത്തിമൂവായിരം രൂപ മാത്രവും. അഞ്ചര ലക്ഷം രൂപ അടയ്ക്കുന്നവര്‍ പുറത്തും അന്‍പത്തിമൂവായിരം രൂപ അടയ്ക്കുന്നവര്‍ അകത്തുമെന്ന റയില്‍വേയും നയത്തിനെതിരാണ് പ്രതിഷേധം. 

മുന്നൂറോളം തൊഴിലാളികള്‍ ഊബര്‍ ടാക്സി ഓടിക്കുന്നുണ്ട്. റയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ഈ സര്‍വീസ് ഏറെ ഉപകാരപ്രദമാണെന്ന് റയില്‍വേയും പറയുന്നു. നാളെ തിരുവനന്തപുരത്ത് റയില്‍വേ ഡിവിഷനല്‍ കൊമേഷ്യല്‍ മാനേജര്‍ വിളിച്ച ചര്‍ച്ചയില്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇരുകൂട്ടരും.