വൈറ്റില മേൽപ്പാലം നിർമാണം; സമാന്തരറോഡുകളുടെ സ്ഥിതി പരിതാപകരം

വൈറ്റില മേൽപ്പാലം നിർമാണം ഉടൻ തുടങ്ങാനിരിക്കെ സമാന്തരമായി ഉപയോഗിക്കാവുന്ന റോഡുകളുടെ സ്ഥിതി പരിതാപകരമായി തുടരുന്നു. തൃപ്പൂണിത്തുറ ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾക്ക് വൈറ്റില ജംഗ്ഷൻ ഒഴിവാക്കി നഗരത്തിലേക്ക് കടക്കാവുന്ന കനാൽ റോഡ് വികസിപ്പിക്കാൻ ഒരു നടപടിയുമില്ല. ഒരാളുടെ മാത്രം സ്ഥലം ഏറ്റെടുക്കാന്‍ കഴിയാത്തതാണ് പ്രശ്നം. 

തൃപ്പൂണിത്തുറയിൽ നിന്ന് തൈക്കൂടം അടിപ്പാത വഴി നഗരത്തിലേക്ക് എത്താവുന്ന ബണ്ട് റോഡിന്റെ വികസനം കാലങ്ങളായി കാത്തിരിക്കുന്നതാണ്. വൈറ്റില മേൽപ്പാലം പണി തുടങ്ങിയാൽ പിന്നെ ആശ്രയിക്കാവുന്ന മറ്റൊരു വഴി കനാൽ റോഡാണ്. അതിന്റെ തുടക്കമാണ് ഈക്കാണുന്നത്്. ഈ 10 മീറ്റർ വീതി കൂട്ടാതെ ഒന്നും കഴിയില്ല. വൈറ്റിലയിലെ നിർമാണം തുടങ്ങാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അതിനുള്ള നടപടികൾ ഒന്നുമായിട്ടില്ല. 

റോഡ് വീതികൂട്ടാന്‍ ഭൂമി വിട്ടുതരില്ല എന്ന് കൗൺസിലര്‍ പറഞ്ഞ ഭൂവുടമയാണിത്. ആ വാദം പൂർണമായി തള്ളുകയാണ് ഇവിടെത്തന്നെ ആയുർവേദ ആശൂപത്രി നടത്തുന്ന സജീവ് ജോൺ. പകരം ആവശ്യപ്പെടുന്നത് രണ്ട് കാര്യങ്ങൾ മാത്രം. ഇപ്പോള്‍ തന്നെ പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ വഴി ഉപയോഗിക്കുന്നത്. വൈറ്റിലയിൽ നിന്ന് വാഹനങ്ങൾ വഴിതിരിച്ച് വിടാൻ തുടങ്ങിയാൽ കനാൽ റോഡ് കൂടിയേ തീരൂ. അതിന് ആദ്യം വേണ്ടത് ഈ ഭാഗത്തിന്റെ വികസനമാണ്.സ്ഥലം വിട്ടുകിട്ടില്ലെന്ന് ജനപ്രതിനിധിയുടെ പരാതി, സൗജന്യമായി നൽകാമെന്ന് ഭൂവുടമയുടെ ഉറപ്പ്. അപ്പോൾ പ്രശ്നം എവിടെയാണെന്ന് വ്യക്തം. തുറന്ന ചർച്ചയുണ്ടായാൽ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ, അതിനി വൈകിയാല്‍ വലിയ പ്രതിസന്ധിയാകും കാത്തിരിക്കുന്നത്.