വൈറ്റിലയിലെ ഗതാഗത കുരുക്കഴിക്കാൻ പദ്ധതികൾ; ജനപ്രതിനിധികളുടെ യോഗം

വൈറ്റില ജംക്‌ഷനിലെ കുരുക്കഴിക്കാന്‍ യോഗം വിളിച്ച് ജനപ്രതിനിധികള്‍. വൈറ്റില മേല്‍പ്പാലത്തിന് കീഴില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ട്രാഫിക് ഐലന്‍ഡുകളുടെ രൂപമാറ്റമടക്കം ഹ്രസ്വകാല പദ്ധതികളും, സ്ഥലമേറ്റെടുത്ത് ജംക്‌ഷന്‍ നവീകരിക്കുന്ന ദീര്‍ഘകാല പദ്ധതികളും നടപ്പാക്കാനാണ് നിര്‍ദേശം.

വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്തതിനു ശേഷവും ജംക്‌ഷനിലെ ഗതാഗതക്കുരുക്ക് അഴിയാത്ത സാഹചര്യത്തില്‍ അടിയന്തിര നടപടിക്ക് കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മേല്‍പ്പാലത്തിനുതാഴെ യോഗം വിളിച്ചു ചേര്‍ത്തത്. ജനപ്രതിനിധികളും, ദേശീയപാത, പൊലീസ്, പൊതുമരാമത്ത്, ട്രാഫിക്, മോട്ടോര്‍വാഹന വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ജംക്‌ഷനില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നവീകരണങ്ങളുടെ പ്രാഥമിക രൂപരേഖ ചര്‍ച്ച ചെയ്തു. ഹ്രസ്വകാല പരിഹാരമെന്ന നിലയില്‍ നിലവിലുള്ള ആറ് ട്രാഫിക് ഐലന്‍ഡുകളുടെ ഭാഗങ്ങള്‍ മുറിച്ചുനീക്കും. ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്കും പാലാരിവട്ടം ഭാഗത്തുനിന്ന് വൈറ്റില ഹബ്ബിലേക്കും തിരിയുന്ന സ്ഥലങ്ങളില്‍ വീതികൂട്ടി ടാറിങ് ചെയ്യും. ജംക്‌ഷനിലുള്ള രണ്ട് ഓട്ടോ സ്റ്റാന്‍ഡുകള്‍ മേല്‍പ്പാലത്തിന് അടിയിലേക്ക് മാറ്റും. ജംക്‌ഷനില്‍തന്നെയുള്ള കെ.എസ്.ഇ.ബി ട്രാന്‍സ്‍ഫോര്‍മറും മാറ്റി സ്ഥാപിക്കും. സ്ഥലമേറ്റെടുത്ത് റോഡുകളുടെ വീതികൂട്ടി ദീര്‍ഘവൃത്താകൃതിയില്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്ന സിഗ്നല്‍ രഹിത സംവിധാനമാണ് ദീര്‍ഘകാല പദ്ധതി.

ആറുമാസം മുന്‍പ് പൊതുമരാമത്ത് എന്‍ജിനീയര്‍മര്‍ ഇതേ ഹ്രസ്വകാല നിര്‍ദേശങ്ങള്‍ അടിയന്തിര നടപടിക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് അറിയില്ലായെന്നായിരുന്നു ജനപ്രതിനിധികളുടെ മറുപടി.

MORE IN KERALA