കുരുക്കഴിയാതെ വൈറ്റില; ഗതാഗതനിയന്ത്രണം; വലഞ്ഞ് യാത്രക്കാർ

മേല്‍പ്പാലം തുറന്നിട്ടും അവസാനിക്കാത്ത ഗതാഗത കുരുക്കഴിക്കാന്‍ വൈറ്റിലയില്‍ വീണ്ടും വാഹനങ്ങളെ വഴിതിരിച്ചുവിട്ട് പൊലീസ്. കടവന്ത്രയില്‍ നിന്ന് തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗത്തേക്ക് മേല്‍പ്പാലത്തിനടിയിലൂടെ വാഹനങ്ങള്‍ പോകുന്ന റോഡ് താല്‍ക്കാലികമായി അടച്ചു. കണിയാമ്പുഴ ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ ഹബ്ബ് വഴി തിരിച്ചുവിടും. ഒരാഴ്ച്ചത്തേക്കാണ് പുതിയ നിയന്ത്രണങ്ങള്‍. 

കൊച്ചിയെ ശ്വാസംമുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായാണ് വൈറ്റില മേല്‍പ്പാലം നിര്‍മിച്ചത്. എന്നാല്‍ മേല്‍പ്പാലം തുറന്നുനല്‍കി ഒരു ദിവസത്തിനുള്ളില്‍ സ്ഥിതി പഴയപടിയായി. കടവന്ത്രയില്‍‌നിന്ന് മേല്‍പാലത്തിന് അടിയിലൂടെ തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പൊന്നുരുന്നി അണ്ടര്‍പാസ് വഴി ചുറ്റിത്തിരിഞ്ഞ് പോകണം. കണിയാമ്പുഴയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ നേരിട്ട് ഹൈവേയില്‍ കയറാതെ മൊബിലിറ്റി ഹബ്ബ് വഴി തൃപ്പൂണിത്തുറ റോഡില്‍ കയറണം. 

ഇതൊന്നുമറിയാതെയെത്തിയ യാത്രക്കാര്‍ ഇന്നും വലഞ്ഞു.  സിഗ്നല്‍ സംവിധാനത്തിലെ ആശയക്കുഴപ്പവും മേല്‍പ്പാലത്തിന് സമീപത്തെ റോഡുകള്‍ക്ക് വീതിയില്ലാത്തതുമാണ് യാത്രക്കാര്‍ക്ക് തലവേദനയാകുന്നത്. റോഡ് മുറിച്ച് കടക്കാന്‍ ഗതിയില്ലാതെ വഴിയാത്രക്കാരും.