ചെല്ലാനത്ത് മൽസ്യതൊഴിലാളികളുടെ ഉപവാസം അഞ്ചാം ദിവസം

കടൽഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി ചെല്ലാനത്ത് ദുരിതാശ്വാസ ക്യാംപിൽ മൽസ്യതൊഴിലാളികളുടെ ഉപവാസം അഞ്ചാം ദിവസവും തുടരുന്നു. കരാറേറ്റെടുക്കാൻ ആരും തയാറാകാതിരുന്നതിനാലാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കടൽഭിത്തി നിർമാണം നടക്കാഞ്ഞതെന്ന് സമരപന്തൽ സന്ദർശിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അവകാശപ്പെട്ടു. ഉമ്മൻചാണ്ടിക്കൊപ്പമെത്തിയ എറണാകുളം ഡിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ ഒരു വിഭാഗം നാട്ടുകാർ തടഞ്ഞു. 

സ്ത്രീകളുടെ നേതൃത്വത്തിലാണ് അഞ്ചാം ദിവസവും ഉപവാസ സമരം. കടൽഭിത്തി നിർമിക്കുന്ന കാര്യത്തിൽ കൃത്യമായ ഉറപ്പ് കിട്ടാതെ സമരം നിർത്തില്ലെന്നാണ് നിലപാട്. പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കൾക്കെതിരെയും പ്രതിഷേധം ശക്തമാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പമെത്തിയ എറണാകുളം ഡി സി സി പ്രസിഡൻറ് ടി.ജെ വിനോദും, ബെന്നി ബെഹനാനും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് നാട്ടുകാരുടെ പ്രതിഷേധം നേരിടേണ്ടി വന്നു. 

ചെല്ലാനത്തെ കടൽഭിത്തി നിർമാണത്തിന് 110 കോടി രൂപ തന്റെ സർക്കാർ അനുവദിച്ചിരുന്നെന്നും കരാർ ആരും ഏറ്റെടുക്കാഞ്ഞതിനാലാണ് നിർമാണം നടക്കാഞ്ഞതെന്നും ഉമ്മൻചാണ്ടി അവകാശപ്പെട്ടു. അതേ സമയം ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ജലവകുപ്പ് എൻജിനീയർമാർ ചെല്ലാനത്തെത്തി കടൽഭിത്തി നിർമാണത്തിനുള്ള പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു.