കോഫി ബോർഡ് തിരഞ്ഞെടുപ്പ്: സഹകരണവേദിക്ക് വൻ ഭൂരിപക്ഷം

ഇന്ത്യന്‍ കോഫി ഹൗസ് ഭരണം പിടിക്കാന്‍ സര്‍ക്കാര്‍ പിന്തുണയോടെ നീങ്ങിയ സി.ഐ.ടി.യു- എ.ഐ.ടി.യു.സി സഖ്യത്തിന് വന്‍ തിരിച്ചടി. ഇന്ത്യ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘം തിരഞ്ഞെടുപ്പിൽ സിഐടിയു, എ.ഐ.ടി.യു.സി സഖ്യത്തെ തറപറ്റിച്ച് സഹകരണവേദി വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. 

ഭരണം പിടിച്ചെടുക്കാനായി ഫെബ്രുവരി 25നു സർക്കാർ സംഘം പിരിച്ചുവിട്ടിരുന്നു. തുടർന്നു ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണു തിരഞ്ഞെടുപ്പു നടത്തിയത്. തൃശൂർ മുതൽ തിരുവനന്തപുരംവരെയുള്ള കോഫി ഹൗസുകൾ നടത്തുന്നത് ഈ സംഘമാണ്. എ.കെ.ജിയാണ് സംഘം സ്ഥാപിച്ചത്. കഴിഞ്ഞ ഞായറാഴ്ച തൃശൂരില്‍ ‍കനത്ത സുരക്ഷയിലായിരുന്നു തിരഞ്ഞെടുപ്പ്. നിലവിലെ ഭരണസമിതിക്ക് രാഷ്ട്രീയമില്ല. ഇടതുസഖ്യം കോഫി ബോര്‍ഡ് പിടിച്ചെടുക്കാന്‍ സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ചിരുന്നു. ഈ നീക്കം പ്രതിരോധിച്ചാണ് സഹകരണവേദി ജയിച്ചത്. ‌തിരഞ്ഞെടുപ്പു ഞായറാഴ്ചയായിരുന്നുവെങ്കിലും ഫല പ്രഖ്യാപനത്തിനായി ഹൈക്കോടതി അനുമതി കാത്തുനിൽകയായിരുന്നു. ഹൈക്കോടതി ദൂതനാണ് തൃശൂരില്‍ എത്തി ഫലം പ്രഖ്യാപിച്ചത്. 

സംഘത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ രാഷ്ട്രീയമില്ലായിരുന്നു. സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളി യൂണിയൻ രൂപീകരിച്ചതോടെയാണു ചേരിതിരുവുണ്ടായത്. 1882 വോട്ടർമാരിൽ 1771 പേരാണു വോട്ടു ചെയ്തത്. 325 പേരുടെ വോട്ട് സർക്കാർ റദ്ദാക്കിയിരുന്നു. വിജയിച്ച എല്ലാവർക്കും എതിരാളികളെക്കാൾ അഞ്ഞൂറിലേറെ വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്.