കെ.എസ്.ഇ.ബി യൂണിയനുകളുടെ ഹിതപരിശോധന; സിഐടിയു സംഘടനയ്ക്ക് വന്‍ മുന്നേറ്റം

കെ.എസ്.ഇ.ബി യൂണിയനുകളുടെ ഹിതപരിശോധനയില്‍ അംഗീകാരമുള്ള  ഏക യൂണിയനായി സിഐടിയു വര്‍ക്കേഴ്സ് അസോസിയേഷന്‍. ചെയര്‍മാനും ഇടത് യൂണിയനും തമ്മിലുള്ള ശീതസമരത്തിനിടെയാണ് സിഐടിയു നേട്ടമുണ്ടാക്കിയത്. മാനേജ്മെന്‍റുമായുള്ള തര്‍ക്കം  ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതിനിടെ സ്ഥലം മാറ്റപ്പെട്ട  നേതാക്കള്‍  പുതിയ ഓഫീസുകളില്‍ ചുമതലയെടുത്തു. സിഐടിയുവിന് തൊഴിലാളികള്‍ക്കിടയിലുള്ള മതിപ്പാണ് വിജയത്തിന് കാരണമെന്നും ജീവനക്കാരെ സമൂഹത്തില്‍ താറടിച്ചു കാണിക്കുന്ന പ്രചാരവേല മാനേജമെന്റ് അവസാനിപ്പിക്കണമെന്നും എളമരം ആവശ്യപ്പെട്ടു. 

ഇടതുഅനുകൂല ഓഫീസേഴ്സ് യൂണിയനും മാനേജ്മെന്‍റും നേര്‍ക്കുനേര്‍ യുദ്ധം ചെയ്യുമ്പോഴാണ് ഹിതപരിശോധനയില്‍ സിഐടിയു നേട്ടമുണ്ടാക്കിയത്. ഏഴു യൂണിയനുകള്‍ മല്‍സരിച്ചപ്പോള്‍ 53.4 ശതമാനം വോട്ടുനേടിയാണ് സിഐടിയു വര്‍ക്കേഴ്സ് അസോസിയേഷന്‍  ഏക അംഗീകൃതയൂണിയനായത് . എഐടിയുസി ഉള്‍പ്പടെയുള്ള മറ്റുയൂണികള്‍ക്ക് 15 ശതമാനം വോട്ടുനേടാനായില്ല. ജീവനക്കാര്‍ നല്‍കിയ അംഗീകാരമാണെന്ന് സിഐടിയു വാദം കരുത്തുകാട്ടിയതിന് പിന്നാലെ  മാനേജ്മെന്‍റിനുള്ള മുന്നറിയിപ്പാണ് 

സി.പി.എം അനുകൂല യൂണിയനും കെ.എസ്.ഇ.ബി ചെയര്‍മാനും തമ്മില്‍ തുറന്ന ഏറ്റുമുട്ടല്‍ മന്ത്രിതല ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരത്തിലേക്ക് നീങ്ങുകയാണ്. ധാരണയുടെ ഭാഗമായി   സ്ഥലംമാറ്റപ്പെട്ട യൂണിയന്‍ നേതാക്കളായ എം.ജി.സുരേഷ്കുമാര്‍ പെരിന്തല്‍മണ്ണയിലും ബി.ഹരികുമാര്‍ പാലക്കാടും ജാസ്മിന്‍ ബാനു സീതത്തോടും സ്ഥലംമാറ്റം അംഗീകരിച്ച് ചുമതലയെടുത്തു. 

അടുത്ത ആഴ്ച മുതല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്ന തുടര്‍ സമരങ്ങള്‍ ഒഴിവാക്കി. കൂടുതല്‍ അച്ചടക്ക നടപടികളില്‍ നിന്ന് ചെയര്‍മാന്‍ ബി.അശോകും പിന്‍മാറിയേക്കും. 5ന് തിരുവനന്തപുരത്ത് മന്ത്രിയും ചെയര്‍മാനും യൂണിയന്‍ നേതാക്കളും തമ്മില്‍ നടത്തുന്ന ചര്‍ച്ചയില്‍ അന്തിമധാരണകളാവും.