യുവാവിന്റെ സ്വർണാഭരണം കാണാനില്ല; പൊലീസിനെതിരെ പരാതി

യുവാവിന്റെ സ്വര്‍ണ കൈചെയിന്‍ തൃശൂര്‍ പുതുക്കാട് പൊലീസ് അപഹരിച്ചതായി ആക്ഷേപം. അപകടം നടന്ന സ്ഥലത്ത് പൊലീസിനെ ചോദ്യംചെയ്തതിന്റെ പേരില്‍ യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ ആഭരണം നഷ്ടപ്പെട്ടെന്നാണ് ആക്ഷേപം. എന്നാല്‍ , വീണുകിട്ടിയ സ്വര്‍ണമാല യുവാവിന് തിരികെ കൊടുത്തെന്നാണ് പൊലീസിന്റെ വിശദീകരണം. 

തൃശൂര്‍ വെള്ളിക്കുളങ്ങര രണ്ടുകൈ സ്വദേശി വിപിന്റെ ആഭരണം നഷ്ടപ്പെട്ടെന്നാണ് പരാതി. പുതുക്കാട് ജംക്ഷനില്‍ റോഡപകടം കണ്ടതോടെ ആളുകൂടി. അപകടം തുടര്‍ക്കഥയായിട്ടും ജംക്ഷനില്‍ പൊലീസിനെ ഡ്യൂട്ടിക്കു നിയോഗിക്കാത്തത് നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കി. സ്ഥലത്ത് എത്തിയ പൊലീസിനോട് ഇക്കാര്യം വിപിനും നാട്ടുകാരും ചോദിച്ചു. എസ്.ഐയോട് തട്ടിക്കയറിയെ വിപിനെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ, സ്വര്‍ണമാലയും കൈചെയിനും പൊലീസുകാരന്റെ കയ്യില്‍ കുടുങ്ങി. നാട്ടുകാര്‍ ജീപ്പ് ഉപരോധിച്ചപ്പോള്‍ യുവാവിനെ വിട്ടയച്ചു. പക്ഷേ, സ്വര്‍ണമാല മാത്രം മടക്കികൊടുത്തെന്നാണ് ആക്ഷേപം. കൈചെയിന്‍ എവിടെ പോയെന്ന് വ്യക്തമല്ല. 

എന്നാല്‍ , കിട്ടിയ സ്വര്‍ണമാല കൈമാറിയെന്നും കൈചെയിന്‍ കണ്ടിട്ടില്ലെന്നും പുതുക്കാട് പൊലീസ് പറയുന്നു. യുവാവിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായതോടെ സ്പെഷല്‍ബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്.