തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനായി മാര്‍ ടോണി നീലങ്കാവില്‍ ചുമതലയേറ്റു

തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനായി മാര്‍ ടോണി നീലങ്കാവില്‍ ചുമതലയേറ്റു. പ്രൗഡഗംഭീരമായിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍. നൂറുകണക്കിനു വിശ്വാസികളും വൈദികരും ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ എത്തി. 

നാല്‍പതു ബിഷപ്പുമാരും അഞ്ഞൂറോളം വൈദികരും അണിനിരന്ന പ്രദക്ഷിണം. മാര്‍ ടോണി നീലങ്കാവിലിനെ തൃശൂര്‍ ലൂര്‍ദ്ദ് യു.പി. സ്കൂള്‍ മുറ്റത്തുനിന്ന് ദേവാലയത്തിലേക്ക് ആനയിച്ചു. ഗായകസംഘം ഗാനങ്ങള്‍ പാടി വരവേറ്റു. ലൂര്‍ദ്ദ് കത്തീഡ്രല്‍ ദേവലായത്തിന്റെ മുറ്റത്തൊരുക്കിയ അള്‍ത്താരയുടെ മുമ്പിലേക്ക് പ്രദക്ഷിണം എത്തിയതോടെ മെത്രാഭിഷേക ചടങ്ങുകള്‍ക്കു തുടക്കമായി. 

ബിഷപ്പിന്റെ അധികാര ചിഹ്നങ്ങള്‍ മാര്‍ ടോണി നീലങ്കാവിലിനെ അണിയിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. സ്ഥാനാരോഹണത്തിന് ശേഷം മാര്‍ ടോണി നീലങ്കാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. തൃശൂര്‍ അതിരൂപതയുടെ രണ്ടാമത്തെ സഹായമെത്രാനാണ്. ആദ്യ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ ഹൈദരാബാദിലേക്ക് സ്ഥലംമാറിയതിനെ തുടര്‍ന്നാണ് പുതിയ സഹായമെത്രാനെ തിരഞ്ഞെടുത്തത്. തൃശൂര്‍ മേജര്‍ സെമിനാരിയുടെ റെക്ടറായിരുന്നു മാര്‍ ടോണി നീലങ്കാവില്‍. പ്രാര്‍ഥന ശുശ്രൂഷകള്‍ക്കു ശേഷം നടന്ന പൊതുസമ്മേളനത്തില്‍ രാഷ്ട്രീയ, സമൂഹിക, സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ ആശംകള്‍ അര്‍പ്പിക്കാന്‍ എത്തി.