മാനസിക പീഡനം: അധ്യാപകര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ഥിനി

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ അധ്യാപകര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ഥിനി. എം.എസ്.സി മറൈൻജിയോ ഫിസിക്സ് വിദ്യാർഥിനിയെ അധ്യാപകരിൽ ചിലർ മാനസികമായി പീഡിപ്പിക്കുന്നതായും പഠനം തുടരാനാവാത്ത സാഹചര്യമാണെന്നും ഡൽഹി സി.എസ്.ഐ.ആറിൽ ശാസ്ത്രജ്ഞനായ പിതാവ് വൈസ്ചാൻസലർക്ക് പരാതി നൽകി. മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് വകുപ്പുമേധാവി ഉൾപ്പെടെ മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു

ഐ.ഐ.ടി മുബൈയിൽസംഘടിപ്പിച്ച ശാസ്ത്ര പ്രബന്ധ മത്സരത്തിൽപങ്കെടുക്കാൻ അപേക്ഷ നൽകിയതോടെയാണ് ജിയോഫിസിക്സ് വിദ്യാർഥിനിയുടെ കഷ്ടകാലം തുടങ്ങിയത്. ഗോവ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഒഫ് അൻറാർട്ടിക്ക് റിസേർച്ചിൽ ഇന്റേൺഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ പ്രബന്ധമാണ് മത്സരത്തിനയച്ചത്. ഇതിന് അധ്യാപകരുടെയും ഗൈഡിന്റേയും അനുവാദം ലഭിച്ചില്ലെന്ന് പറഞ്ഞായിരുന്നു മാനസിക പീഡനത്തിന്റെ തുടക്കം.രേഖാമൂലം അനുവാദം ചോദിച്ചിരുന്നതാണ് എന്ന വിദ്യാർഥിനിയുടെ വാദം അവഗണിക്കപ്പെട്ടു. വിദ്യാർഥിനി പ്രബന്ധം മത്സരത്തിൽനിന്ന് പിൻവലിച്ചു, എന്നിട്ടും വകുപ്പ് മേധാവിയുടേതടക്കം കോപം അടങ്ങിയില്ല. മൂന്നുമണിക്കൂറിലേറെ ലൈബ്രറിയിൽ അടച്ചിട്ടായിരുന്നു ചോദ്യംചെയ്യൽ. 

കാമ്പസിലെ ക്രൂരറാഗിങ്ങിനെ കുറിച്ച് വിദ്യാർഥിനി നേരത്തെ പാരാതി നൽകിയിരുന്നു. ഇതോടെയാണ് ഇവർ നോട്ടപ്പുള്ളിആയത്. ഈ പരാതി അന്വേഷിക്കുകയോ നടപടി എടുക്കുകയോ ചെയ്യാതെ ഒതുക്കി. പിന്നീട് മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന കുട്ടിയെ ക്രൂശിക്കാനായി ഒരുകൂട്ടം അധ്യാപകർ പിറകെകൂടുകയായിരുന്നുവെന്നാണ് ശാസ്ത്രജ്ഞർ കൂടിയായമാതാപിതാക്കൾ പറയുന്നത്. 

‍വൈസ്ചാൻസലർ ആവശ്യപ്പെട്ടിട്ടുപോലും കുട്ടിയോടുള്ള സമീപനം മാറ്റാൻ വകുപ്പ് മേധാവിയും ചിലസഹഅധ്യാപകരും തയ്യാറായില്ല. സർവകലാശാലയിലെ വിദ്യാർഥി പീഡനത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യമാണ് ഉയരുന്നത്.