ആധാർ കേന്ദ്രമില്ല; ദുരിതത്തിലായി ചെല്ലാനത്തെ വയോധികരും ഭിന്നശേഷിക്കാരും

ആധാർ കേന്ദ്രമില്ലാത്തതിനാൽ ദുരിതത്തിലായിരിക്കുകയാണ് കൊച്ചി ചെല്ലാനം പഞ്ചായത്തിലെ വയോധികരും ഭിന്നശേഷിക്കാരും. ആധാര്‍ എടുക്കണമെങ്കില്‍ പതിനേഴ് കിലോമീറ്റർ ദൂരെയുള്ള അക്ഷയ കേന്ദ്രത്തിൽ പോകണം. ഇതിന് കഴിയാത്തവര്‍ക്ക് പെൻഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ നിരസിക്കപ്പെടുകയാണ്. 

ചെല്ലാനത്ത് ഭർത്താവിനൊപ്പം കൂരയിൽ താമസിക്കുന്ന എഴുപ്പത്തിയേഴ് പിന്നിട്ട ട്രീസാമ്മയ്ക്ക് ഇത് വരെ  വയോധികർക്ക് ലഭിക്കേണ്ട പെന്‍ഷൻ ലഭിച്ചിട്ടില്ല. ഇവർക്കുമാത്രമല്ല, ചെല്ലാനം പഞ്ചായത്തിലെ ഭൂരിഭാഗം വയോധികരുടേയും അവസ്ഥ ഇതുതന്നെയാണ്. 

സ്വന്തം നാട്ടിൽ ആധാർ കേന്ദ്രമില്ലാത്തതിനാൽ പതിനേഴ് കിലോമീറ്റർ ദൂരെയുള്ള അക്ഷയ കേന്ദ്രത്തിലെത്തി വേണം ഇവിടുത്തുകാർക്ക് ആധാറെടുക്കാൻ. അതിന് ശേഷിയില്ലാത്തവരാണ് ഇവർ. അവശരുടെ വീടുകളിൽ നേരിട്ടെത്തി ആധാറിനാവശ്യമായ വിവരങ്ങൾ ശേഖരിക്കണമെന്ന നിർദേശം, നിർദേശം മാത്രമായി തുടരുന്നതിന്റെ തെളിവാണ് ഇത്.