ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസും അനുബന്ധ സ്ഥാപനങ്ങളും ഇനി മുതല്‍ വൈദ്യുതി ബില്‍ അടക്കില്ല. പകരം വൈദ്യുതി നല്‍കും. സൗരോര്‍ജത്തില്‍നിന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയാണ് കെ.എസ്.ഇ.ബിക്ക് നല്‍കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ മുകളില്‍ 10 കിലോവാട്ട് ഉല്പാദനശേഷിയുള്ള 1200 ചതുരശ്രയടി സോളര്പാനലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെനിന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്ക് നല്‍കും. പ്രതിദിനം നാല്പത് യൂണിറ്റ് വൈദ്യുതി ലഭിക്കുമെന്നാണ് വിലയിരുത്തല്‍. എത്രയൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കപ്പെട്ടുവെന്ന് രേഖപ്പെടുത്തുന്നതിനുള്ള മീറ്ററും സ്ഥാപിച്ചിട്ടുണ്ട്.
നല്കുന്ന വൈദ്യുതിക്ക് പകരം ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ ബില്ലില്‍നിന്ന് തുക കുറവ് വരുത്തും. ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, ഓഡിറ്റോറിയം, മിനി സിവില്‍ സ്റ്റേഷന് അടക്കം ഒന്‍പത് സ്ഥാപനങ്ങള്‍ക്കാണ് പദ്ധതിയുടെ നേട്ടം. വ്യക്തികള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും അനുകരിക്കാവുന്ന മാതൃകയാണിതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി എം.എം.മണി പറഞ്ഞു. പന്ത്രണ്ട് ലക്ഷംരൂപ ചെലവില്‍ കെല്‍ട്രോണാണ് സോളര്‍ പാനലുകള്‍ സ്ഥാപിച്ചത്. ആലപ്പുഴ ജില്ലയില്‍ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് വൈദ്യുതിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.