തൃശൂര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. ചികില്‍സ കിട്ടാന്‍ രോഗികള്‍ മണിക്കൂറോളം കാത്തുനില്ക്കണം.
പ്രതിദിനം രണ്ടായിരം രോഗികള്‍ വരെ ചികില്‍സ തേടി വരുന്ന വടക്കാഞ്ചേരി ജില്ലാ ആശുപത്രിയാണിത്. ഒരു ദിവസം മുഴുവന്‍ ക്യൂ നിന്നാല്‍ മാത്രമേ ചികില്‍സ കഴിഞ്ഞ് മടങ്ങാന്‍ കഴിയൂ. ഡോക്ടറെ കാണാന്‍ ഒ.പിയില്‍ നീണ്ട ക്യൂ. പിന്നെ ക്യൂ നില്‍ക്കേണ്ടത് മരുന്നു വാങ്ങാന്‍. ലാബിലെ പരിശോധനാഫലം കിട്ടാനും വേണം നീണ്ട ക്യൂ. ഇങ്ങനെ, ഓരോന്നും കഴിഞ്ഞു വരുമ്പോഴേക്കും രോഗികളും ബന്ധുക്കളും വലയും. ക്യൂ നിയന്ത്രിക്കാന്‍ സ്ഥാപിച്ച യന്ത്രവും കേടായി.
രോഗികള്‍ക്കു നില്ക്കാന് പോലും വരാന്തയില്‍ സ്ഥലമില്ല. അസൗകര്യങ്ങളില്‍ പൊറുതിമുട്ടുന്ന ജില്ലാ ആശുപത്രിയെ രക്ഷിക്കാന്‍ അധികൃതര്‍ തയാറാകുന്നുമില്ല. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് ജില്ലാ ആശുപത്രി പദവി കിട്ടിയപ്പോള്‍ ആകെ കിട്ടിയത് കുറച്ച് ഡോക്ടര്‍മാരെ മാത്രമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.