മൂവാറ്റുപുഴയിൽ കിണറുകൾക്ക് സമീപം പൊതുശുചിമുറി നിർമിക്കാനുള്ള പഞ്ചായത്തിന്റെ നീക്കം നാട്ടുകാർ തടഞ്ഞു. അനുയോജ്യമായ നിരവധി സ്ഥലങ്ങളുണ്ടായിട്ടും കിണറുകൾക്ക് സമീപം തന്നെ ശുചിമുറി നിർമിക്കുന്നത് പഞ്ചായത്ത് പ്രസിഡന്റിന്റെ പിടിവാശികാരണമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ആരക്കുഴ പഞ്ചായത്തിലെ പണ്ടപ്പിള്ളിയിൽ പഞ്ചായത്ത് പണിയുന്ന പൊതുശുചിമുറിക്കെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. ഈ സ്ഥലത്തിന് തൊട്ടടുത്ത് ഒരു പൊതു കിണറുണ്ട്. കൂടാതെ മൂന്ന് സ്വകാര്യ കിണറുകളും.നാട്ടുകാരുടെയോ പഞ്ചായത്ത് അംഗത്തിന്റെയോ സമ്മതം വാങ്ങാതെയാണ് ശുചിമുറി പണിയുന്നതെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം ശുചിമുറി പണിയാനെത്തിയവരെ നാട്ടുകാർ തടഞ്ഞു. ഇവിടെ വൃക്ഷത്തൈകളും നട്ടു. പഞ്ചായത്തിന്റെ ഏകപക്ഷീയമായ നീക്കത്തിനെതിരെ ജില്ലാ കലക്ടർ ഉൾപടെയുള്ളവർക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.