അധ്യാപകർക്ക് ശമ്പളം നിഷേധിച്ച് മാനേജ്മെന്റിന്റെ പ്രതികാര നടപടി

Thumb Image
SHARE

തൊടുപുഴ പടിഞ്ഞാറേ കോടിക്കുളത്തെ ഗ്ലോബൽ പബ്ലിക് സ്കൂളിൽ അധ്യാപകർക്ക് ശമ്പളം നിഷേധിച്ച് മാനേജ്മെന്റിന്റെ പ്രതികാര നടപടി. വിദ്യാർഥികളിൽ നിന്ന് ഫീസ് ശേഖരിച്ച് നൽകാത്തതിന്റെ പേരില്‍ 54 അധ്യാപകർക്ക് രണ്ട് മാസമായി ശമ്പളം നിഷേധിച്ചെന്നാണ് പരാതി. അധ്യാപകർ സമരം തുടങ്ങിയതോടെ സ്കൂളിന്റെ പ്രവർത്തനം നിലച്ചു. 

സ്കൂളിന്റെ നിയന്ത്രണം മാനേജ്മെന്റ് പുതിയ ഭരണസമിതിയെ ഏൽപ്പിച്ചതോടെയാണ് അധ്യാപകർക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കാതായത്. അധ്യാപകർക്കുണ്ടായിരുന്ന ഉത്സവഭത്തയും മറ്റു ആനുകൂല്യങ്ങളും നീക്കം ചെയ്തു. കഴിഞ്ഞ രണ്ട് മാസമായി ശമ്പളവും നൽകിയില്ല. മാനേജ്മെന്റ് പ്രതിനിധികളെ പ്രശ്നം അധ്യാപകർ രേഖാമൂലം അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഇതോടെയാണ് അധ്യാപകർ തിങ്കളാഴ്ച സമരം ആരംഭിച്ചത്. അധ്യാപികമാരുടെ സ്റ്റാഫ് റൂമിൽ ശുചിമുറിയോട് ചേർന്ന് ക്യാമറ സ്ഥാപിച്ചതും പ്രതിഷേധം ഇരട്ടിയാക്കി. 

അധ്യാപകരുടെ സമരത്തെ തുടർന്ന് സ്കൂളിൽ മൂന്ന് ദിവസം അധ്യയനം മുടങ്ങി. ഇതോടെ മാതാപിതാക്കളും പ്രതിഷേധവുമായെത്തി. കുട്ടികളിൽ നിന്ന് അധ്യാപകർ ഫീസ് വാങ്ങി നൽകിയാൽ മാത്രമെ ശമ്പളം നൽകാനാകൂ എന്ന് ഉറച്ച നിലപാടിലാണ് സ്കൂൾ മാനേജർ. മുൻകൂർ നോട്ടിസ് നൽകാതെ നിയമവിരുദ്ധമായാണ് അധ്യാപകർ സമരം നടത്തുന്നതെന്നും മാനേജർ ആരോപിച്ചു. അധ്യാപകരുടെ സമരത്തിന് പിന്തുണയുമായി ബിഎംഎസ് രംഗത്തെത്തി. ആയിരത്തിലേറെ വിദ്യാർഥികളുടെ പഠനം അവതാളത്തിലായിട്ടും വിദ്യാർഥി സംഘടനകൾ വിഷയത്തിൽ ഇടപ്പെട്ടില്ലെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. 

MORE IN CENTRAL
SHOW MORE