ആശുപത്രിയിലേക്കുളള യാത്രാമധ്യേ കാര്‍ റോഡിലെ കുഴിയില്‍ വീണതിന്റെ ആഘാതത്തില്‍ ഗര്‍ഭിണി പ്രസവിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. പെരുമ്പാവൂര്‍ പി.പി. റോഡിലെ ഈ കുഴിയില്‍ വീണതിന്റെ ആഘാതത്തിലാണ് തമിഴ്നാട് സ്വദേശിനി സുനിത കാറില്‍ പ്രസവിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ പെരുമ്പാവൂര്‍ പട്ടണത്തിലെ സ്വകാര്യ ആശുപത്രിയിലേക്കുളള യാത്രയ്ക്കിടെയായിരുന്നു കാര്‍ കുഴിയില്‍ വീണതും വീഴ്ചയുടെ ആഘാതത്തില്‍ സുനിത കാറില്‍ പ്രസവിച്ചതും.
സംഭവമറിഞ്ഞ് ഓടിയെത്തിയ ആശുപത്രി ജീവനക്കാര്‍ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരുപത്തിമൂന്ന് വയസുകാരിയായ അമ്മയും രണ്ടു കിലോ എണ്ണൂറ് ഗ്രാം തൂക്കമുളള പെണ്‍കുഞ്ഞും അപകടമൊന്നും പറ്റാതെ കഷ്ടിച്ച് രക്ഷപ്പെട്ടു. കാലങ്ങളായി നാട്ടുകാരുടെ നടുവൊടിക്കുന്ന പിപി റോഡിലെ കുഴിയടയ്ക്കാന്‍ ഈ പ്രസവമെങ്കിലും പൊതുമരാമത്ത് വകുപ്പിനെ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പെരുമ്പാവൂരുകാര്‍.