കൊച്ചി പനമ്പിള്ളി നഗറിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. വാഹനത്തിനുള്ളിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടകരമാം വിധം മരങ്ങൾ നിലം പതിക്കാറായിട്ടും ഇവ മുറിച്ചു മാറ്റാൻ നഗരസഭ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. കടവന്ത്ര സ്വദേശിനിയായ വീട്ടമ്മയും മക്കളും സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്ക് കൂറ്റൻ മരം വന്നു പതിക്കുകയായിരുന്നു. ഭാഗ്യമൊന്നു കൊണ്ടു മാത്രമാണ് കാറിനുള്ളിൽ ഉണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടത്.
പിന്നീട് ഫയർഫോഴ്സെത്തി വീണ മരം പൂർണമായും മുറിച്ചു നീക്കി. പനമ്പിള്ളി നഗറിൽ ഒട്ടേറെ മരങ്ങൾ അപകടകരമാം വിധം ചാഞ്ഞു നിൽക്കുന്നതായി നാട്ടുകാർ നഗരസഭയെ അറിയിച്ചിരുന്നു. എന്നാൽ ഇവ മുറിച്ചു നീക്കാൻ അധികൃതർ നടപടിയെടുക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് ആക്ഷേപമുണ്ട്.