ഒറ്റയിരിപ്പില്‍ പന്തീരായിരത്തിയെട്ട് നാളികേരങ്ങള്‍ ഉടച്ച് കാരക്കൂര്മഠം രാമചന്ദ്രന് നായര്‍. ഒരുമിനിറ്റുപോലും ഇടവേളയെടുക്കാതെ രണ്ടരമണിക്കൂറുകൊണ്ടാണ് രാമചന്ദ്രന് നായര്‍ മുഴുവന്‍ നാളികേരങ്ങളും ഉടച്ചുതീര്ത്തത്.
കൊച്ചി അയ്യപ്പന്‍കാവിലെ ദേവപ്രശ്നവിധി പ്രകാരമുള്ള പരിഹാര കര്‍മങ്ങളുടെ ഭാഗമായായിരുന്നു പന്തീരായിരത്തിയെട്ട് നാളികേരം ഉടയ്ക്കല്‍. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ കുന്നംകുളം സ്വദേശി കാരക്കൂര്‍ മഠം രാമചന്ദ്രന് നായരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ഒറ്റയിരിപ്പില്‍ തുടര്‍ച്ചയായി 24,700 നാളികേരങ്ങള്‍ ഉടച്ചാണ് രാമചന്ദ്രന് നായര്‍ റെക്കോര്‍ഡ് ബുക്കില്‍ സ്വന്തം പേര് ചേര്‍ത്തത്.
തിന്മയെ നശിപ്പിച്ച് നാടിന് ഐശ്വര്യം നേടിയെടുക്കുകയായിരുന്നു നാളികേരമുടയ്ക്കലിന്റെ ലക്ഷ്യം. കഴിഞ്ഞ 22 വര്‍ഷത്തിനിടെ 265 തവണയാണ് രാമചന്ദ്രന് നായര്‍ പന്തീരായിരത്തിയെട്ട് നാളികേരങ്ങള്‍ ഉടച്ചത്. ഇപ്പോള്‍ വര്‍ഷംതോറും ശരാശരി ഇരുപത് ക്ഷേത്രങ്ങളിലെങ്കിലും ചടങ്ങ് നടത്താറുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
Advertisement