onam-pookkalam

മലയാളിയുടെ ഓണമുറ്റങ്ങളിൽ വർണ്ണങ്ങൾ വിരിയിക്കാൻ കർണ്ണാടകയുടെ മണ്ണിൽ നിന്ന് ഇക്കുറിയും പൂവസന്തം അതിർത്തി കടന്നെത്തുന്നുണ്ട്. കന്നഡ കർഷകന്റെ വിയർപ്പും അധ്വാനവും ഒരു നാടിന്റെ പൂക്കാലമായി മാറുന്ന കാഴ്ചകളാണ് ഇപ്പോൾ ഗുണ്ടൽപേട്ടിലെ ചെണ്ടുമല്ലിപ്പാടങ്ങളിലെല്ലാം. 

തിരുവോണത്തിലേക്ക് നാളുകളെണ്ണുകയാണ് മലയാളക്കര. തൊടിയിലെ തുമ്പയും മുക്കുറ്റിയും ഓർമ്മകളിലേക്ക് വഴിമാറുമ്പോൾ, മലയാളിയുടെ ഓണമുറ്റത്ത് വർണ്ണങ്ങൾ വിരിയിക്കാൻ അതിർത്തികൾക്കപ്പുറത്തുനിന്ന് ഇക്കുറിയും മറുനാടൻ വസന്തമെത്തുകയാണ്. അത്തം തൊട്ടുള്ള മലയാളിയുടെ ഓണാക്കിനാവ് മുൻകൂട്ടിക്കണ്ട് കന്നഡ കർഷകർ പാകിയ വിത്തുകളെല്ലാം ഇന്ന് ആയിരം ഇതളുകളുള്ള മഞ്ഞച്ചെണ്ടുമല്ലികളായി ചിരിച്ചുനിൽക്കുന്നു.

അതിർത്തി മലയോരങ്ങളിൽ മഴ പെയ്തൊഴിഞ്ഞപ്പോൾ നഷ്ടമായ പൂക്കാലത്തിന് പകരമാണ് ഈ മണ്ണിൽ വിരിഞ്ഞ വിസ്മയം. ചുവപ്പും മഞ്ഞയും ഓറഞ്ചും ചാലിച്ച ഈ തോട്ടങ്ങളിലെ ഓരോ ഇതളിലും ഒരുപിടി കർഷകരുടെ മാസങ്ങളുടെ അധ്വാനമുണ്ട്. നഷ്ടങ്ങളുടെ കണക്കുകളില്ലാതെ, ഓണവിപണി മുന്നിൽക്കണ്ട് അവർ നട്ടുനനച്ച വസന്തം. പാതിരാക്കാറ്റിൽ ചുരമിറങ്ങുന്ന ഓരോ പൂക്കൂടയും കേരളത്തിന്റെ ഓണമുറ്റങ്ങളിലേക്ക് എത്തിക്കുന്നത് ഒരു നാടിന്റെ അന്നവും മറ്റൊരു നാടിന്റെ ആഹ്ലാദവുമാണ്. മനുഷ്യൻ ഭാഷകൊണ്ടും നാടുകൊണ്ടും അതിരുകൾ തീർക്കുമ്പോൾ, സ്നേഹത്തിന്റെ പൂമ്പൊടികൾ വിതറി ആ അതിർത്തികളെ മായ്ച്ചുകളയുകയാണ് ഇവിടുത്തെ പ്രകൃതി.

ENGLISH SUMMARY:

Karnataka's flowers are blooming across Kerala's Onam festivities, bringing vibrant colors to Malayali homes. This year, marigolds from Gundlupet fields, nurtured by Kannada farmers, are set to adorn Onam celebrations, replacing traditional local flowers.