ഓണപ്പാട്ടിന്‍ ശീലുകള്‍ക്ക് മന്ത്രിയുടെ സ്വരമാധുരി. പൂവാലേ തുമ്പപ്പൂവാലേ ഗാനത്തിന് പിന്നണി പാടി മന്ത്രി പി.സി വിഷ്ണുനാഥിന്‍റെ ഓണപ്പാട്ട് പുറത്തിറങ്ങി. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നല്‍കിയത്. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗാനം പുറത്തിറക്കി.
രാഷ്ട്രീയത്തിനൊപ്പം പാട്ടും കവിതയും നന്നായി വഴങ്ങുമെന്ന് പലതവണ തെളിയിച്ച പി.സി വിഷ്ണുനാഥ് മന്ത്രിയായതിന് പിന്നാലെയുള്ള ആദ്യ ഓണത്തിന് സ്വന്തമായൊരു പാട്ട്. തൊടിയും, തുമ്പയും, തനിമയും, പൈതൃകസൗന്ദര്യവും മലയാളിയുടെ മനസിലുടക്കുന്ന പ്രയോഗങ്ങളുമെല്ലാം പാട്ടിലുണ്ട്. പാട്ടിന്‍റെ പകിട്ട് കുറയാതെയുള്ള മന്ത്രിയുടെ ആലാപനം. മന്ത്രിയുടെ പാട്ടിന് സ്പീക്കറുടെ വക കൈയടി.
നൈര്‍മല്യമുള്ള വരികള്‍ മലയാളിക്ക് നിറയെ സമ്മാനിച്ച ബി.കെ ഹരിനാരായണന്‍റെ പാട്ടെഴുത്തിന് ജേക്സ് ബിജോയ് ഈണം നല്‍കി. ദൃശ്യാവിഷ്കാരത്തില്‍ കേരളത്തിന്‍റെ ഓണപ്പെരുമയും സാംസ്‌കാരിക പൈതൃകവും അടയാളപ്പെടുത്തിയിട്ടുണ്ട്. പോളിഗണ്‍ ഐ മീഡിയയാണ് പാട്ടൊരുക്കത്തിന്‍റെ അണിയറക്കാര്‍.