vande-bharat-sleeper-train

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഹൗറ– ഗുവാഹത്തി റൂട്ടിലാകും ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. ജനുവരി ഇരുപതിന് മുന്‍പ് ഉദ്ഘാടനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രെയിന്‍ സഞ്ചരിക്കുക. ആകെ 12 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളാണ് ഈ വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്നത്. ഒരുക്കങ്ങള്‍ പുരോഗമിക്കവേ ട്രെയിനിന്‍റെ ടിക്കറ്റ് നിരക്കുകളും മറ്റ് വിവരങ്ങളും ഇതാ...

16 കോച്ചുകളുള്ള ട്രെയിനില്‍ ആകെ 823 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. 11 എസി 3-ടയർ കോച്ചുകളും 4 എസി 2-ടയർ കോച്ചുകളും 1 ഫസ്റ്റ് എസി കോച്ചുമായിരിക്കും ഉണ്ടായിരിക്കുക. കുഷ്യൻ ബെർത്തുകൾ, മികച്ച സസ്പെൻഷൻ, ശബ്ദം കുറയ്ക്കൽ സംവിധാനങ്ങൾ, ഓട്ടോമാറ്റിക് വാതിലുകൾ, ആധുനിക പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം തുടങ്ങി സുഗമമായ ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമായ തരത്തിലാണ് കോച്ചുകള്‍ ഒരുക്കിയിട്ടുള്ളത്. മുകളിലെ ബര്‍ത്തിലേക്ക് കയറാന്‍ ചവിട്ടുപടികളും മൊബൈല്‍ ഫോണ്‍, ലാപ്ടോപ് ചാര്‍ജറുകളും അടക്കം ആധുനിക സംവിധാനങ്ങളെല്ലാം ട്രെയിനിലുണ്ട്. കവച് സുരക്ഷാ സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്.

കുറഞ്ഞത് 960 രൂപ

  • 400 കിലോമീറ്റർ യാത്രകൾക്ക്, 3AC 960 രൂപ, 2AC 1,240 രൂപ, 1AC 1,520 രൂപ എന്നിങ്ങനെയാണ് നിരക്ക്. 
  • 400- 800 കിലോമീറ്റർ വരെ–  3AC- 1,920, 2AC- 2,480, 1AC- 3,040 രൂപ
  • 800- 1,600 കിലോമീറ്റർ വരെ– 3AC- 3,840, 2AC- 4,960, 1AC- 6,080 രൂപ
  • 2,000 കിലോമീറ്റർ വരെ– 3AC– 4,800, 2AC– 6,200, 1AC– 7,600 രൂപ
  • 2,800 കിലോമീറ്റർ വരെ– 3AC– 6,720, 2AC– 8,680, 1AC– 10,640
  • 3,500 കിലോമീറ്റർ വരെ– 3AC– 8,400, 2AC– 10,850, 1AC– 13,300 രൂപ

ആര്‍എസി– വെയിറ്റിങ് ലിസ്റ്റ് ഇല്ല

അതേസമയം, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ കണ്‍ഫേം ടിക്കറ്റുകളുള്ള യാത്രക്കാർക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. ആർ‌എസി, വെയിറ്റ്‌ലിസ്റ്റ് ചെയ്ത ടിക്കറ്റുകൾ അല്ലെങ്കിൽ ഭാഗികമായി സ്ഥിരീകരിച്ച ടിക്കറ്റുകൾ എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കില്ല. സ്ത്രീകൾ, വികലാംഗർ, മുതിർന്ന പൗരന്മാർ, ഡ്യൂട്ടി പാസ് ഉടമകൾ എന്നിവർക്കുള്ള ക്വാട്ട നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ബാധകമാകും. അധിക ക്വാട്ടകൾ ലഭ്യമാകില്ല. എല്ലാ ടിക്കറ്റുകളും ഓണ്‍ലൈനായി തന്നെ വാങ്ങണം.

അതേസമയം 60 വയസിന് മുകളിലുള്ള പുരുഷ യാത്രക്കാർക്കും 45 വയസിന് മുകളിലുള്ള സ്ത്രീ യാത്രക്കാർക്കും ലോവർ ബെർത്തുകൾ അനുവദിക്കുന്നത് ഉറപ്പാക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. പ്രത്യേക ബെർത്ത് ആവശ്യമില്ലാത്ത കുട്ടിയുമായി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കും ലഭ്യത അനുസരിച്ച് ലോവർ ബെർത്ത് അനുവദിക്കും.

ENGLISH SUMMARY:

India’s first Vande Bharat Sleeper train is set to launch on the Howrah-Guwahati route by January 20, 2026. The train features 16 coaches with 823 berths including 3AC, 2AC, and First AC options with modern amenities. Ticket prices start from ₹960 for 400 km and go up to ₹13,300 for long-distance 1AC journeys. Passengers must note that only confirmed tickets are allowed for travel as there is no RAC or waiting list system. The train operates at a top speed of 180 km/h and is equipped with the Kavach safety system. Lower berth preferences will be strictly enforced for senior citizens and women according to the new railway guidelines.