kc-pac

‘ട്രെയിനുകള്‍ക്കുമുണ്ടോ മേല്‍ജാതിയും കീഴ്‌ജാതിയും?’ പാര്‍ലമെന്‍റിന്‍റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടേതാണ് ചോദ്യം. ദീര്‍ഘദൂര ട്രെയിനുകളിലെ വൃത്തിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടില്‍ റെയില്‍വേയോട് വിശദീകരണം തേടുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ അധ്യക്ഷനായ സമിതി. മറുപടി പറയാനെത്തിയ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാര്‍ നന്നായി വിയര്‍ത്തു.

‘വന്ദേഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളില്‍ നല്ല വൃത്തിയുള്ള കോച്ചുകളും നിലവാരമുള്ള ബ്ലാങ്കറ്റും ലിനനും. പക്ഷേ മറ്റ് പാസഞ്ചര്‍, എക്സ്പ്രസ് ട്രെയിനുകള്‍ ശുചിയാക്കുകയുമില്ല, വൃത്തിയുള്ള പുതപ്പുമില്ല. എന്താണിതിന് കാരണം? ട്രെയിനുകളിലും ജാതിവ്യവസ്ഥയുണ്ടോ?’ – സമിതി അംഗങ്ങള്‍ ചോദിച്ചു. സിസ്റ്റത്തിന്‍റെ പ്രശ്നമുണ്ടെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സമ്മതിച്ചു. സ്റ്റോപ്പുകളുടെ കുറവും സ്റ്റാഫിന്‍റെ ഷോര്‍ട്ടേജും ബജറ്റില്ലാത്തതും യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനയുമെല്ലാം വൃത്തി ഉറപ്പാക്കുന്നതിന് തടസങ്ങളാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. Read More: ബെര്‍ത്ത് ഇല്ലെങ്കില്‍ പകുതി പണം തിരികെ

എന്നാല്‍ സതീഷ് കുമാറിന്‍റെ വാദങ്ങളെ സമിതി ചോദ്യംചെയ്തു. ‘ദീര്‍ഘകാലമായി തുടരുന്ന പ്രശ്നങ്ങളാണെങ്കില്‍ അതിനൊക്കെ പരിഹാരമുണ്ടാക്കാന്‍ ഇഷ്ടംപോലെ സമയമുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല? എല്ലാ സോണുകളിലും കൃത്യമായ ഇടവേളകളില്‍ ശുചിത്വ ഓഡിറ്റ് നടത്തണം. യാത്രക്കാരുടെ പരാതികളും അതിന്മേല്‍ റെയില്‍വേ എടുത്ത നടപടികളും വ്യക്തമാക്കുന്ന ഡിജിറ്റല്‍ ഡാഷ് ബോര്‍ഡുകള്‍ കൊണ്ടുവരണം. ശുചിത്വം ഉറപ്പാക്കാത്ത സോണുകള്‍ക്ക് പിഴയിടണം. മികച്ച നിലവാരം ഉറപ്പാക്കുന്ന സോണുകള്‍ക്ക് ഇന്‍സന്‍റീവുകളും നല്‍കണം.’ – പി.എ.സി നിര്‍ദേശിച്ചു.

ദീര്‍ഘദൂര ട്രെയിനുകളിലെ ശുചിത്വം ഉറപ്പാക്കാന്‍ അവ നിര്‍ത്തുന്ന സ്റ്റേഷനുകളെ ‘ക്വിക്ക് വാട്ടറിങ് സ്റ്റേഷനു’കളാക്കി മാറ്റിത്തുടങ്ങിയെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. ഇത് കൂടുതല്‍ സ്റ്റേഷനുകളില്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. റെയില്‍വേയുടെ സാനിറ്റേഷന്‍ ബജറ്റ് വര്‍ധിപ്പിക്കാന്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. Read More: ഒടുവില്‍ ചന്ദ്രമതിക്ക് നീതി!

12,541 പാസഞ്ചര്‍ ട്രെയിനുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നത്. പ്രതിദിനം 1.76 കോടി യാത്രക്കാര്‍ ഈ ട്രെയിനുകളില്‍ സഞ്ചരിക്കുന്നു. 7364 റെയില്‍വേ സ്റ്റേഷനുകളാണ് ഇന്ത്യന്‍ റെയില്‍വേ മാനേജ് ചെയ്യുന്നത്. സ്റ്റേഷനുകളിയെും ട്രെയിനുകളിലെയും വൃത്തിയില്ലായ്മയെക്കുറിച്ച് ആയിരക്കണക്കിന് പരാതികളാണ് ദിവസേന ലഭിക്കുന്നത്.

ENGLISH SUMMARY:

The Parliamentary Public Accounts Committee (PAC), led by K.C. Venugopal, recently criticized the Railway Board over the stark disparity in cleanliness between premium and ordinary trains. Referring to the current state as a "caste system" within the railways, the committee noted that while Vande Bharat trains receive top-tier maintenance, passenger and express trains remain neglected. The Railway Board Chairman cited staff shortages and budget constraints as hurdles, but the committee dismissed these as long-standing issues that should have been resolved. To ensure accountability, the PAC recommended digital dashboards for grievance tracking, sanitation audits, and a system of penalties and incentives for various railway zones.