പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

പാക്കിസ്ഥാനുമായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ ഇന്ത്യ താല്‍കാലികമായി അടച്ചു. 430ലേറെ ഫ്ലൈറ്റുകളും ഇന്ന് റദ്ദാക്കി. വടക്കേ ഇന്ത്യയിലെയും മധ്യ–പടിഞ്ഞാറന്‍ ഇന്ത്യയിലെയും വിമാനത്താവളങ്ങളിലേറെയുമാണ് താല്‍കാലികമായി അടച്ചത്. അടച്ച വിമാനത്താവളങ്ങളുടെ പട്ടിക ഇങ്ങനെ: ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സര്‍, ലുധിയാന, പട്യാല, ബതിന്‍ഡ, ഹല്‍​വാര, പത്താന്‍കോട്ട്, ഭുന്തര്‍, ഷിംല, ഗാഗ്ഗല്‍, ധരംശാല, കിഷന്‍ഗഡ്, ജയ്സാല്‍മേര്‍, ജോധ്പുര്‍, ബിക്കാനീര്‍, മുന്ദ്ര, ജാംനഗര്‍, രാജ്കോട്ട്, പോര്‍ബന്തര്‍, കാണ്ട്​ല, കെഷോദ്, ഭുജ്,ഗ്വാളിയാര്‍, ഹിന്‍ഡന്‍. 

srinagar-airport

രാജ്യത്ത് ആകെ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ മൂന്ന് ശതമാനമാണ് ഇന്ന് റദ്ദാക്കിയത്. അതേസമയം, പാക്കിസ്ഥാന്‍ 147 വിമാനങ്ങള്‍ റദ്ദാക്കി. പാക്കിസ്ഥാനിലെ ആകെ വിമാന സര്‍വീസുകളുടെ 17ശതമാനം വരുമിത്. ഇരു രാജ്യങ്ങളും യാത്രാവിമാനങ്ങള്‍ റദ്ദാക്കിയതോടെ പാക് വ്യോമപാതയും കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള ഇന്ത്യയുടെ പടിഞ്ഞാറന്‍ വ്യോമപാതയും യാത്രാവിമാനങ്ങള്‍ ഒഴിഞ്ഞ നിലയിലാണെന്ന് ഫ്ലൈറ്റ് റഡാല്‍ 24 വ്യക്തമാക്കുന്നു. ഫ്ലൈറ്റ് റഡാര്‍ തന്നെയാണ് വിമാനങ്ങള്‍ റദ്ദാക്കിയ വാര്‍ത്തയും പുറത്തുവിട്ടത്.

മിക്ക വിദേശരാജ്യങ്ങളും പാക്കിസ്ഥാന്‍റെ വ്യോമപാത ഒഴിവാക്കിയാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. പകരം മുംബൈ, അഹമ്മദാബാദ് വ്യോമപാത തിരഞ്ഞെടുത്തു. ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്നലെ 250ഓളം  സര്‍വീസുകള്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. അമൃത്സര്‍ വഴി സര്‍വീസ് നടത്തേണ്ടിയിരുന്ന രണ്ട് രാജ്യാന്തര സര്‍വീസുകള്‍ എയര്‍ ഇന്ത്യ ഡല്‍ഹി വഴി തിരിച്ചുവിട്ടു. അമേരിക്കന്‍ എയര്‍ അവരുടെ ഡല്‍ഹി–ന്യൂയോര്‍ക്ക് ഫ്ലൈറ്റും ഇന്നലെ റദ്ദാക്കിയിരുന്നു.

അതിനിടെ പാക്കിസ്ഥാന്‍ ലാഹോറില്‍ പടയൊരുക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പഞ്ചാബ് അതിര്‍ത്തിക്ക് സമീപം പാക് വിമാനങ്ങള്‍ പറന്നു. ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം രൂക്ഷമാണ്. ഉറി,പൂഞ്ച്, രജൗറി മേഖലകളിലാണ് പാക്കിസ്ഥാന്‍റെ ആക്രമണം ശക്തം. പ്രദേശത്ത് നിന്ന് ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് സേന മാറ്റിപ്പാര്‍പ്പിക്കുന്നത് തുടരുകയാണ്.

അതിര്‍ത്തികളിലെ ആശുപത്രികളോട് അടിയന്തര സാഹചര്യം വന്നാല്‍ നേരിടാന്‍ സജ്ജമായിരിക്കാനും മരുന്നുകളുടെയും അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. പാക്കിസ്ഥാന്‍ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടി നല്‍കാന്‍ കരസേന യൂണിറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. 

ENGLISH SUMMARY:

Amid escalating tensions with Pakistan, India has temporarily shut down 27 airports and cancelled over 430 flights. Major airports across northern and western regions are affected. Pakistan also cancelled 147 flights.

flights-cancelled-JPG

Google Trending Topic: operation sindoor flights cancelled