AI Generated Image

AI Generated Image

TOPICS COVERED

ഭാര്യ കാന്‍സര്‍ ബാധിച്ച് കിടപ്പിലായതോടെ മകളോട് സഹകരിക്കാന്‍ ആവശ്യപ്പെട്ട് അച്ഛന്‍. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകും മുന്‍പ് തുടങ്ങിയ പീഡനം സഹിക്കവയ്യാതെ കുട്ടി വീട്ടില്‍ നിന്നും ഓടിപ്പോയതോടെയാണ് സംഭവം പുറത്തറിയുന്നത്. നാലു വര്‍ഷമായി പിതാവ് തന്നെ ലൈംഗികമായി ഉപദ്രവിക്കുകയാണെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി.

 

കഴിഞ്ഞ ദിവസം 19കാരി  വീട്ടില്‍ നിന്നും ഓടിപ്പോയതോടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. മകളെ കാണാനില്ലെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് അധികം താമസിയാതെ പെണ്‍കുട്ടിയെ കണ്ടെത്തി. രാജ്കോട്ട് റൂറല്‍ ക്രൈംബ്രാഞ്ചും ഉപ്‌ലേട്ട പൊലീസും ചേര്‍ന്നാണ് പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിനിടെയാണ് കേസിന്റെ ഗതി മാറിയത്. 

 

അമ്മ കിടപ്പിലായതോടെയാണ് അച്ഛന്‍ തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയതെന്നും രാത്രികാലത്ത് അടുത്തുവന്ന് ഭീഷണിപ്പെടുത്തുമെന്നും പെണ്‍കുട്ടി മൊഴി നല്‍കി.  ലൈംഗികാതിക്രമത്തിന് മുന്‍പ് അശ്ലീല വിഡിയോകള്‍ കാണുമെന്നും തന്റെ കരച്ചിലും ശബ്ദവും പുറത്തുകേള്‍ക്കാതിരിക്കാന്‍ ടിവിയുടെ ശബ്ദം കൂട്ടിവെയ്ക്കുമെന്നും പെണ്‍കുട്ടി പറയുന്നു. 

 

എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് അമ്മയ്ക്ക് പോലും അറിവില്ലായിരുന്നുവെന്നും കുട്ടി പറയുന്നു.  പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് പിതാവിനെ പൊലീസ് ചോദ്യം ചെയ്തു. കുറ്റസമ്മതം നടത്തിയ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഉപ‌്‌ലേട്ട പൊലീസ് വ്യക്തമാക്കുന്നു. 

 

മാത്രമല്ല പീഡനം നടക്കുന്ന മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പ്രത്യേക ജെല്ലും സേഫ്റ്റി കിറ്റും മൊബൈല്‍ ഫോണും കണ്ടെടുത്തു. അതേസമയം ഇയാള്‍ മകളെ മാത്രമല്ല ഏതാനും വര്‍ഷമായി സഹോദരിയുടെ മകളേയും ഉപദ്രവിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.  ഈ സംഭവം രാജ്കോട്ട് റൂറല്‍ പൊലീസ് അന്വേഷിക്കുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

പ്രതിയുടെ ഭാര്യ കാന്‍സറിന്റെ നാലാം സ്റ്റേജിലാണ്, ഇയാളുടെ അറസ്റ്റോടെ ചികിത്സ മുടങ്ങിപ്പോകുമെന്നതിനാല്‍ പൊലീസ്  ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ പെണ്‍കുട്ടിയ്ക്ക് കൗണ്‍സലിങ്ങും സംരക്ഷണവും നല്‍കാനും പൊലീസ് നീക്കമാരംഭിച്ചു. 

ENGLISH SUMMARY:

Sexual abuse by a father has come to light in Gujarat's Rajkot district after a 19-year-old daughter fled her home. The girl reported that the abuse began before she reached adulthood and intensified after her mother became bedridden with cancer.