indian-railway-camera

യാത്രക്കാര്‍ക്കുള്ള ചട്ടങ്ങള്‍ പരിഷ്കരിച്ച് ഇന്ത്യന്‍ റെയില്‍വേ. പുതുക്കിയ ചട്ടപ്രകാരം വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് റിസര്‍വ്ഡ് കോച്ചുകളില്‍ യാത്ര ചെയ്യാന്‍ കഴിയില്ല. പകരം ജനറല്‍ കോച്ചുകളില്‍ സഞ്ചരിക്കണം. റിസര്‍വ്ഡ് കോച്ചുകള്‍ കണ്‍ഫേം ആയ ടിക്കറ്റുമായി യാത്ര ചെയ്യുന്നവര്‍ക്കാണെന്ന് റെയില്‍വേ വ്യക്തമാക്കുന്നു. സ്​ലീപ്പര്‍, എസി കോച്ചുകളിലാണ് യാത്ര വിലക്കിയത്. 

കൗണ്ടറുകളില്‍ നിന്ന് നേരിട്ടെടുത്ത ടിക്കറ്റുകള്‍ക്കും പുതുക്കിയ ചട്ടം ബാധകമാണ്. മുന്‍പ് കൗണ്ടറുകളില്‍ നിന്ന് നേരിട്ടെടുത്ത ടിക്കറ്റുകള്‍ കണ്‍ഫേം ആയില്ലെങ്കിലും റിസര്‍വ്ഡ് കോച്ചുകളില്‍ യാത്ര അനുവദിച്ചിരുന്നു. അതേസമയം ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ചാര്‍ട്ട് തയ്യാറാകുമ്പോഴേക്കും സ്വയം ക്യാന്‍സല്‍ ആവുകയും പണം മൂന്ന് ദിവസത്തിനുള്ളില്‍ അക്കൗണ്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നതിനാല്‍ യാത്ര അനുവദിച്ചിരുന്നില്ല. പുതുക്കിയ ചട്ടം മേയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. 

റിസര്‍വ്ഡ് കോച്ചുകളില്‍ അനധികൃത യാത്ര ഒഴിവാക്കുന്നതിനായാണ് പുതിയ ചട്ടം കൊണ്ടുവന്നതെന്ന് ഐആര്‍സിടിസി വ്യക്തമാക്കുന്നു. ചട്ടം ലംഘിച്ച് വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്​ലീപ്പറില്‍ യാത്ര ചെയ്താല്‍ 250 രൂപ വരെയും എസി കോച്ചില്‍ യാത്ര ചെയ്താല്‍ 440 രൂപ വരെയും പിഴ ഈടാക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പിഴയ്ക്ക് പുറമെ യാത്ര പുറപ്പെട്ട സ്ഥലം മുതല്‍ അടുത്ത സ്റ്റേഷന്‍ വരെയുള്ള ടിക്കറ്റിന്‍റെ തുകയും ഈടാക്കും. ചട്ടം നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച വേണ്ടെന്ന് ടിക്കറ്റ് എക്സാമിനര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

റെയില്‍വേ ടിക്കറ്റ് അഡ്വാന്‍സ്ഡ് ബുക്കിങിലും പരിഷ്കാരം വന്നു. നേരത്തെ നാലുമാസം മുന്‍പ് ടിക്കറ്റ് റിസര്‍വ് ചെയ്യാമായിരുന്നുവെങ്കില്‍ നിലവില്‍ അത് 60 ദിവസമായി പരിമിതപ്പെടുത്തി. ഓണ്‍ലൈന്‍ വഴിയെടുക്കുന്ന എല്ലാ ടിക്കറ്റുകള്‍ക്കും ഒടിപി വെരിഫിക്കേഷനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. തട്ടിപ്പു തടയുന്നതിനാണ് ഒടിപി നിര്‍ബന്ധമാക്കിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

റിസര്‍വ്ഡ് കംപാര്‍ട്മെന്‍റുകളില്‍ പലപ്പോഴും അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുകയും മുന്‍കൂട്ടി ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നവര്‍ക്ക് സീറ്റ് ലഭിക്കാത്തതുമായ പരാതികള്‍ വ്യാപകമായി ലഭിച്ചതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്നനും സുരക്ഷിതവും സുഖകരവുമായ യാത്രയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും റെയില്‍വേ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Indian Railways enforces a new rule barring waitlisted ticket holders from traveling in reserved coaches, including Sleeper and AC classes. Passengers with waitlisted tickets must now travel in general compartments only, regardless of whether tickets are booked online or at counters.