ഇന്ത്യന്‍ റെയില്‍വേയില്‍ യാത്രികര്‍ സീറ്റുകള്‍ പരസ്പരം മാറുന്നത് പതിവാണ്. പ്രിയപ്പെട്ടവരോടൊപ്പം ഒരുമിച്ചിരിക്കാനാണ് ഇങ്ങനെ ചെയ്യാറുള്ളത്. അപ്പര്‍ ബെര്‍ത്ത് ലഭിക്കുന്നവരില്‍ ചിലരും മുകളില്‍ കയറാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മറ്റ് യാത്രക്കാരുമായി സംസാരിച്ച് സീറ്റ് മാറാറുണ്ട്. എങ്കിലും കുടുംബമായി യാത്ര ചെയ്യുന്നവരാണ് കൂടുതലും ഇങ്ങനെ ചെയ്യാറുള്ളത്. പരസ്പരമുള്ള ധാരണയുടെ പുറത്ത് സ്വമേധയായാണ് ഈ സീറ്റ് കൈമാറ്റങ്ങള്‍ നടക്കാറുള്ളത്. എന്നാല്‍ ഇതേതുടര്‍ന്ന് തനിക്കുണ്ടായ ദുരനുഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു യാത്രികന്‍.
‘ഞാന്‍ എന്‍റെ സീറ്റ് മാറാന്‍ സമ്മതിച്ചില്ല, അത് ഒരു തെറ്റാണോ?’ എന്ന് കുറിച്ചാണ് യുവാവ് പോസ്റ്റ് പങ്കുവച്ചത്. സിംഗ്രൗളി - ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലായിരുന്നു സംഭവം. സെക്കന്‍ഡ് എസിയില്‍ ടിക്കറ്റ് ബുക്ക് ചെയ്ത തനിക്ക് സൈഡ് ലോവർ ബെർത്താണ് ലഭിച്ചതെന്നും എന്നാല്‍ കമ്പാർട്ടുമെന്റിൽ കയറിയപ്പോള്‍ ഒരു നാലംഗ കുടുംബം തന്റെ സീറ്റിൽ ഇരിക്കുന്നതാണ് കണ്ടതെന്നും അദ്ദേഹം പറയുന്നു. ‘ഇത് എന്റെ സീറ്റാണെന്ന് ഞാൻ അവരോട് പറഞ്ഞു. പിന്നാലെ അവര്‍ എന്‍റെ ടിക്കറ്റ് ആവശ്യപ്പെട്ടു. ഒരു മര്യാദയ്ക്ക് എസ്എംഎസ് ആയി ലഭിച്ച ടിക്കറ്റ് ഞാനവരെ കാണിച്ചു’. തുടര്‍ന്നുണ്ടായത് ഒട്ടും പ്രതീക്ഷിക്കാത്ത രംഗങ്ങളായിരുന്നുവെന്നും യുവാവ് പറയുന്നുണ്ട്.
ടിക്കറ്റ് കാണിച്ചതോടെ അവര്‍ക്ക് ഒരുമിച്ചിരിക്കാനായി സീറ്റുകൾ പരസ്പരം മാറാനായി കുടുംബം നിര്‍ബന്ധിക്കാന്‍ തുടങ്ങി. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ വൈകാരികമായി സംസാരിക്കാന്‍ തുടങ്ങി. ‘രണ്ട് കോച്ചുകൾ അപ്പുറത്തുളള മറ്റൊരു ബെർത്തിലേക്ക് മാറാനാണ് അവര്‍ എന്നോട് ആവശ്യപ്പെട്ടത്. ഞാന്‍ വിസമ്മതിച്ചപ്പോള്‍ അവരുടെ പ്രതികരണം നാടകീയമായിരുന്നു’ യുവാവ് പറയുന്നു. ‘ഞാൻ അവരുടെ വൃക്കകൾ ആവശ്യപ്പെട്ടതുപോലെയാണ് അവർ എന്നെ നോക്കിയത്’ എന്നും അദ്ദേഹം കുറിച്ചു.
ഒടുവില്‍ താന്‍ സീറ്റ് മാറില്ലെന്ന് ഉറച്ചു പറയുകായിരുന്നുവെന്ന് യുവാവ് പറഞ്ഞു. പക്ഷേ അത് അവിടെയും അവസാനിച്ചില്ല. ‘ഞാന്‍ സീറ്റില്‍ ഇരുന്നതിന് പിന്നാലെ അവരിലെ ഒരു ആന്റി അവരുടെ മകളെ വിളിച്ച് പഞ്ചാബിയിൽ എന്നെക്കുറിച്ച് മോശമായി സംസാരിക്കുകയായിരുന്നു. അധിക്ഷേപവാക്കുകളായിരുന്നു അവര്‍ എന്നെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നത്’ യുവാവ് പറയുന്നു. കുടുംബത്തിന്‍റെ മുഖം മറച്ചുകൊണ്ടുള്ള ചിത്രവും യുവാവ് പങ്കുവച്ചിട്ടുണ്ട്.
യുവാവിന്‍റെ പോസ്റ്റ് വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ രോഷം ആളിക്കത്തി. ഒട്ടനവധിപേര്‍ യുവാവിനെ പിന്തുണച്ച് രംഗത്തെത്തി. സീറ്റ് മാറുക എന്നുള്ളത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും ഒരു ബാധ്യതയല്ലെന്നും ആര്‍ക്കും നിര്‍ബന്ധിക്കാനാകില്ലെന്നും പലരും ചൂണ്ടിക്കാട്ടി. ഒരുമിച്ച് ഇരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അവര്‍ അടുത്തടുത്തുള്ള സീറ്റുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യണമായിരുന്നുവെന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു. ‘നിങ്ങളുടെ സീറ്റിൽ ഇരുന്ന്, നിങ്ങളെ അപമാനിക്കാനുള്ള ധൈര്യം അവിശ്വസനീയമാണ്’ എന്നായിരുന്നു മറ്റൊരു ഉപയോക്താവ് കുറിച്ചത്.