ദിവസം 14 മണിക്കൂറിലധികം ജോലി ചെയ്യുന്ന ടെക്കി. ജോലിയിലെ ആത്മാര്‍ഥതയും കൃത്യതയും പരിഗണിച്ച് കമ്പനി യുവാവിന് പ്രൊമോഷനൊപ്പം നല്‍കിയത് 7.8 കോടി രൂപ എന്ന സ്വപ്ന ശമ്പളം. ആ പ്രൊമോഷന്‍ പേപ്പറുമായി വീട്ടിലെത്തിയ യുവാവിനു മുന്നിലേക്ക് ഭാര്യ നീട്ടിയത് വിവാഹമോചനത്തിനുള്ള സമ്മതപത്രമാണ്. ജോലിയും കുടുംബവും ഒന്നിച്ചുകൊണ്ടുപോകുന്നതില്‍ താന്‍ വന്‍ പരാജയമായിരുന്നു എന്ന യുവാവിന്‍റെ കുറിപ്പ് സമൂഹമാധ്യമത്തില്‍ വൈറലാണ്.
മൂന്നു വര്‍ഷം മുന്‍പ് ജോലിയില്‍ പ്രവേശിച്ചകാലം മുതല്‍ പ്രൊമോഷനായിരുന്നു പരമമായ ലക്ഷ്യം. അതിനാല്‍ തന്നെ ജോലിയില്‍ വളരെയധികം കൃത്യത വച്ചുപുലര്‍ത്തി. വിദേശ ക്ലൈന്‍റുകളെ വിദഗ്ദമായി കൈകാര്യം ചെയ്യാനാകുന്നതും പ്ലസ് പോയിന്‍റായിരുന്നു. പക്ഷേ ജോലി സമയം 14 മണിക്കൂറുകളോളം ആണെന്നത് ഈ ഓട്ടത്തിനിടയില്‍ ശ്രദ്ധിച്ചതേയില്ല. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന മീറ്റിങ്ങുകള്‍ അവസാനിക്കുമ്പോള്‍ രാത്രി ഒന്‍പത് മണി കഴിഞ്ഞിരിക്കും എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്.
ഇതിനിടയില്‍ എനിക്കൊരു മകളുണ്ടായി. ഏറ്റവും സന്തോഷം നിറഞ്ഞ ആ ദിവസവും ഞാന്‍ മീറ്റിങ്ങുകളില്‍ മുഴുകി. ഭാര്യ പ്രസവാനന്തര വിഷാദത്തിലേക്ക് വീണപ്പോഴും എനിക്ക് ശ്രദ്ധിക്കാനായില്ല. അവള്‍ ചികിത്സയ്ക്കായി പോകുമ്പോള്‍ കൂടെ പോകാന്‍ പോലും പലപ്പോഴും എനിക്ക് സാധിച്ചില്ല. ഇതോടെയാണ് അവള്‍ വിവാഹമോചനം ആവശ്യപ്പെട്ടത്. ഇന്നാണ് എന്‍റെ പ്രൊമോഷന്‍ പേപ്പര്‍ കിട്ടിയത്. പക്ഷേ അത് കണ്ടിട്ടും എനിക്ക് യാതൊരു സന്തോഷവും തോന്നുന്നില്ല. ജീവിതത്തിന് അര്‍ഥവും പ്രതീക്ഷയുമില്ലാതായി എന്ന തോന്നലില്‍ അകപ്പെട്ടു കഴിഞ്ഞിരിക്കുന്നു ഞാന്‍ എന്നാണ് യുവാവ് പറയുന്നത്.
എന്‍റെ ഈ ജീവിതം കൊണ്ട് ഞാന്‍ എന്താണ് നേടിയത്?. ഈ ചോദ്യം എന്നെ വല്ലാതെ അലട്ടുകയാണ്. ജോലിയില്ലാതെ ആളുകള്‍ കഷ്ടപ്പെടുന്ന ഇക്കാലത്ത് ഞാന്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെടേണ്ടതല്ലേ? പക്ഷേ എനിക്ക് എങ്ങനെയാണ് സന്തോഷത്തോടെ മുന്നോട്ടുപോകാനാകുക എന്നും യുവാവ് ചോദിക്കുന്നു. ഈ കുറിപ്പിനു താഴെ സ്വന്തം ജീവിതാനുഭവങ്ങളാണ് പലരും കമന്‍റായി കുറിക്കുന്നത്. ജോലി മാത്രം നോക്കിയാല്‍ കുടുംബം ഉണ്ടാകില്ല എന്നാണ് മിക്കവരും പറയുന്നത്.
ജീവിതത്തിലെ സന്തോഷകരകമായ അവസരങ്ങളെല്ലാം ജോലിക്കു വേണ്ടി നഷ്ടപ്പെടുത്തി, പക്ഷേ ആര്‍ക്കുവേണ്ടിയാണോ കഷ്ടപ്പെട്ടത് അവരാരും ഇന്ന് കൂടെയില്ല. പണം മാത്രം ലക്ഷ്യമിട്ടുള്ള ഓട്ടത്തില്‍ അവസാനം പണം ജയിച്ചു, മനുഷ്യന്‍ തോറ്റു എന്നാണ് ഒരാള്‍ പറഞ്ഞിരിക്കുന്നത്. കുടുംബം പോറ്റാനായി പണിയെടുക്കുന്നു, പക്ഷേ കുടുംബത്തോടൊപ്പം ചെലവിടാന്‍ സമയമില്ല. ഈ ‘സമയ’ത്തിന് പല കമ്പനികളും ഇടുന്ന വിലയാണ് ശമ്പളം എന്ന പേരില്‍ മാസാവസാനം അക്കൗണ്ടിലേക്കെത്തുന്നത് എന്നാണ് മറ്റൊരാളുടെ കമന്‍റ്.