പൊലീസുകാരുടെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്ന ആവശ്യവുമായി സംഘടനകള്‍. ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും വിശ്രമം അനുവദിക്കണമെന്നും ആവശ്യം. കാക്കി യൂണിഫോമിന് പുറമെ വ്യത്യസ്തമായ മറ്റൊരു യൂണിഫോം കൂടി സേനയ്ക്ക് കണ്ടെത്തണമെന്നും നിര്‍ദേശം. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പഠന റിപ്പോര്‍ട്ടിലാണ് ഇത്തരത്തിലുള്ള വിവിധ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള പൊലീസുകാരുടെ സംഘടനയാണ് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍. പൊലീസുകാരുടെയും വിദഗ്ധരുടെയും അഭിപ്രായം തേടിയാണ് നാളെയുടെ പൊലീസ് ഇങ്ങിനെയാവണം എന്ന തലക്കെട്ടോടെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നിര്‍ദേശങ്ങള്‍ നല്‍കിയത്. പൊലീസുകാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ ഉള്‍പ്പടെ വിശദമായ നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ജോലി സമയം എട്ട് മണിക്കൂറാണെന്ന് ഉറപ്പാക്കണമെന്നും ആഴ്ചയില്‍ ഒരു ദിവസം വിശ്രമം നിര്‍ബന്ധമായും അനുവദിക്കണമെന്നുമാണ് പ്രധാന നിര്‍ദേശം. കൗണ്‍സിലിങ്ങിനായി എല്ലാ ജില്ലയിലും പ്രഫഷണല്‍ കൗണ്‍സിലര്‍മാരുടെ സേവനം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്. പൊലീസ് നിയമന രീതികളിലെ മാറ്റമാണ് മറ്റൊരു പ്രധാന നിര്‍ദേശം.
എസ്.ഐ റാങ്കിലേക്ക് 50 ശതമാനം സ്ഥാനക്കയറ്റവും 50 ശതമാനം പി.എസ്.സി വഴിയുമാണ് നിലവിലെ നിയമനം. ഇനി പി.എസ്.സി വഴിയുള്ള നിയമനത്തില്‍ പകുതി മാത്രമേ പൊതുജനങ്ങള്‍ക്ക് നല്‍കാവൂവെന്നും ബാക്കി പകുതി പൊലീസിലുള്ളവര്‍ക്ക് അപേക്ഷിക്കാനായി മാറ്റമെന്നും ആവശ്യപ്പെടുന്നു. ഇങ്ങിനെ വരുമ്പോള്‍ താഴ്ന്ന റാങ്കുകളില്‍ ജോലി ചെയ്യുന്ന ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്ക് പരീക്ഷയിലൂടെ എസ്ഐ റാങ്കിലെത്താമെന്നാണ് സംഘടന ചൂണ്ടിക്കാണിക്കുന്നത്. കാക്കി യൂണിഫോമിലെ പരിഷ്കാരവും നിര്‍ദേശമായുണ്ട്. എക്സൈസും ജയിലുമടക്കം കാക്കി യൂണിഫോമായതിനാല്‍, പ്രത്യേക സാഹചര്യങ്ങളില്‍ ഉപയോഗിക്കാനായി മറ്റൊരു നിറത്തിലുള്ള യൂണിഫോം കൂടി വേണമെന്നാണ് നിര്‍ദേശം. ഇതടക്കമുള്ള നിര്‍ദേശങ്ങളില്‍ ചര്‍ച്ചയാവാമെന്ന മറുപടിയാണ് മുഖ്യമന്ത്രിയും ഡി.ജി.പിയും സംഘടന നേതാക്കള്‍ക്ക് നല്‍കിയത്.