ശുദ്ധമായ നാടന്‍ വെളിച്ചെണ്ണയെന്ന പേരില്‍ വിറ്റഴിക്കുന്നത് മനുഷ്യനെ രോഗിയാക്കി മാറ്റുന്ന വ്യാജയെണ്ണയെന്ന് സ്ഥിരീകരിച്ച് പരിശോധനാഫലം. വിലകുറഞ്ഞ ഓയിലുകള്‍ മിക്സ് ചെയ്താണ് തയാറാക്കിയതെന്ന് മനോരമ ന്യൂസിന് ലഭിച്ച സാംപിള്‍, സര്‍ക്കാര്‍ അനലിസ്റ്റ് ലാബില്‍ അയച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഹൃദയാഘാതം മുതല്‍ പക്ഷാഘാതം വരെയുള്ള രോഗങ്ങള്‍ക്ക് സാധ്യതയെന്ന് ലാബ് ഫലം പരിശോധിച്ച ഡോക്ടര്‍മാരുടെയും വിലയിരുത്തല്‍.
വെളിച്ചെണ്ണയുടെ ഗുണനിലവാരം ഉറപ്പാക്കുന്ന 20 ഘടകങ്ങളില്‍ 14 എണ്ണവും പരാജയം. രാജ്യത്തെ ഭക്ഷ്യസുരക്ഷാ മാനദണ്ഡപ്രകാരം വില്‍ക്കാനോ ഉപയോഗിക്കാനോയുള്ള ഗുണനിലവാരമില്ലെന്ന് റിപ്പോര്‍ട്ടില്‍ ഉറപ്പിക്കുന്നു.50 ശതമാനത്തിലേറെ വിലകുറഞ്ഞ ഓയിലുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും സാക്ഷ്യപ്പെടുത്തല്‍.
ഈ എണ്ണ വില്‍ക്കുന്നവരും ഇതുപയോഗിച്ച് ഭക്ഷണം ഉണ്ടാക്കി വിളമ്പുന്നവരും നമ്മളെ കാര്‍ന്ന് തിന്നുന്ന രോഗങ്ങളിലേക്ക് നയിക്കുകയാണ്. ഭക്ഷ്യവിഷബാധയേറ്റ് ജീവന്‍ നഷ്ടപ്പെടുന്നവരുടെ നാട് കൂടിയാണ് നമ്മുടേത്. അത്തരം ദുരന്തങ്ങളുണ്ടാകുമ്പോള്‍ മാത്രം നടപടി പ്രഖ്യാപിക്കാതെ, ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് തരുന്ന ഇത്തരം ലോബിയെ ഇല്ലാതാക്കാനുള്ള ആര്‍ജവമണ് സര്‍ക്കാര്‍ കാണിക്കേണ്ടത്